ശതാബ്ദി വിദ്യാഭ്യാസ ഫണ്ട്: ചിക്കാഗോയില്‍നിന്നും ഒരുലക്ഷം ഡോളര്‍

posted Dec 7, 2010, 9:52 PM by Knanaya Voice   [ updated Dec 8, 2010, 7:18 AM by Saju Kannampally ]
ചിക്കാഗോ: കോട്ടയം അതിരൂപതയുടെ ശതാബ്ദി വര്‍ഷത്തില്‍ (1911-2011) നടപ്പാക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസ സഹായഫണ്ട് സമാഹരണത്തില്‍ സഹകരിക്കുന്നതുവഴി നമുക്ക് ലഭിച്ച നേട്ടങ്ങള്‍ മനുഷ്യനന്മയ്ക്കുവേണ്ടി പങ്കുവെയ്ക്കുകയെന്ന ദൌത്യമാണ് നിറവേറ്റുക; കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക സമൂഹത്തെ ഉദ്ബോധിപ്പിച്ചു. കോട്ടയം അതിരൂപതയിലെ ഇടവകകളില്‍ നിലവിലുള്ള പ്രോത്സാഹനങ്ങള്‍ക്ക് പുറമേ വിദ്യാഭ്യാസത്തിന് സാമ്പത്തികം ആവശ്യമുള്ളവര്‍ നല്‍കുന്ന അപേക്ഷകള്‍ ഇടവകയിലെ സാമൂഹ്യ കമ്മറ്റി പരിഗണിച്ച് മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കുന്ന ലിസ്റനുസരിച്ച് പലിശരഹിത വായ്പ ലഭ്യമാക്കി കുട്ടികളുടെ വിദ്യാഭ്യാസം സാധ്യമാക്കുകയും പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞ് പിന്നീടുള്ള ആവശ്യക്കാര്‍ക്കും ലഭിക്കുന്നതിനായി അവര്‍ വാങ്ങിയ തുക തിരികെ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്. ശതാബ്ദി വിദ്യാഭ്യാസ ഫണ്ടിന്റെ വരവ് ചലവ് കണക്കുകള്‍ ഇതിനായി നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നതും ഇടവകകളില്‍ അതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമാകുന്നതാണ്.
സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ ഫണ്ട് ശേഖരണം ജോണി പുത്തന്‍പറമ്പിലില്‍നിന്നും 5000 ഡോളറിന്റെ ചെക്ക് സ്വീകരിച്ചുകൊണ്ട് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. വികാരി മോണ്‍. അബ്രാഹം മുത്തോലത്ത്, അസിസ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് എന്നിവരും സന്നിഹിതരായിരുന്നു.  അഗാപ്പെ മൂവ്മെന്റിന്റെ വകയായി 2500 ഡോളര്‍ വത്സ തെക്കേപ്പറമ്പിലും, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍നിന്നും ആയിരം ഡോളര്‍ പ്രസിഡന്റ് ബേബി കാരിക്കലും ബിഷപ്പിനെ ഏല്പിച്ചു. തുടര്‍ന്ന് ഇടവകയിലെ കുടുംബാംഗങ്ങള്‍ ഫണ്ടിലേക്കുള്ള വിഹിതം നല്‍കുകയുണ്ടായി. സേക്രട്ട് ഹാര്‍ട്ട് ഇടവക സമൂഹം 31,000 ഡോളര്‍ ഫണ്ടിലേക്ക് സംഭാവനയായി നല്‍കി.
വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ക്നാനായ സമൂഹം വിദ്യാഭ്യാസഫണ്ടിലേക്ക് വളരെ കാര്യമായി രീതിയില്‍ സഹകരിച്ചതായി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അറിയിച്ചു. 2011 ആഗസ്റ് 25 ന് കോട്ടയത്ത് നടക്കുന്ന പ്രവാസി ക്നാനായ സംഗമത്തിലും, 28 ന് നടക്കുന്ന ശതാബ്ദി സമാപനസമ്മേളനത്തിലും പരമാവധി കുടുംബങ്ങള്‍ വടക്കേ അമേരിക്കയില്‍നിന്നും പ്രത്യേകിച്ച് ചിക്കാഗോയില്‍ നിന്നും പങ്കെടുക്കണമെന്ന് ബിഷപ്പ് ഇടവക സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.

സേക്രട്ട് ഹാര്‍ട്ട് ഇടവക, സെന്റ് മേരീസ് ഇടവക, ക്നാനായ കാത്തലിക് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഒരുലക്ഷത്തി പതിനായിരം ഡോളര്‍ വിദ്യാഭ്യാസ ഫണ്ടിലേക്ക് ചിക്കാഗോയില്‍ നിന്നും സമാഹരിച്ചതായി വികാരി. മോണ്‍. അബ്രാഹം മുത്തോലത്ത് അറിയിച്ചു. ഇതില്‍ പങ്കാളികളായ എല്ലാവരേയും മോണ്‍. മുത്തോലത്ത് അനുമോദിച്ചു.
ബിഷപ്പിന്റെ സേക്രട്ട് ഹാര്‍ട്ട് ഇടവക സന്ദര്‍ശനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ഇടവക ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, സണ്ണി മുത്തോലത്ത്, ഫിലിപ്പ് കണ്ണോത്തറ, അലക്സ്  കണ്ണച്ചാംപറമ്പില്‍, പി.ആര്‍.ഒ. ജോസ് കണിയാലി, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത്, വിമന്‍സ് മിനിസ്ട്രി ഭാരവാഹികളായ ഡോളി പുത്തന്‍പുരയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, ഗ്രേസി വാച്ചാച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 ജോസ് കണിയാലി

 

Comments