സെന്‍ട്രല്‍ ഫ്ളോറിഡ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണശബളമായി

posted Apr 18, 2011, 11:42 PM by Knanaya Voice
റ്റാമ്പാ: മലയാളി പ്രതിഭകളുടെ സ്വപ്നങ്ങള്‍ ചിറകുവിടര്‍ത്തി അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച് സെന്‍ട്രല്‍ ഫ്ളോറിഡ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 19-ാം തീയതി റ്റാമ്പായിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. അറ്റ്ലാന്റിക്കിനുമിപ്പറം മലയാളി തനിമയുടെ സൌന്ദര്യവും സൌരഭ്യവും പരത്തിക്കൊണ്ട് ജനപങ്കാളിത്തത്തിലും പരിപാടികളുടെ മനോഹാരിതയിലും വന്‍ വിജയം നേടിയ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. കാതലിന്‍, നിക്കോള്‍, ഷെല്‍ബി എന്നീ കുട്ടികളുടെ അമേരിക്കന്‍ ദേശീയഗാനത്തോടും, മെര്‍ലിന്‍ ദേശീയ ഗാനത്തോടും കൂടിയാണ് സാംസ്ക്കാരിക സമ്മേളനം തുടക്കം കുറിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ പുതിയ പ്രസിഡന്റ് സണ്ണി മറ്റമനയെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് സണ്ണി മറ്റമന ഏവര്‍ക്കും സ്വാഗതം നേര്‍ന്നു. സെന്‍ട്രല്‍ ഫ്ളോറിഡ മലയാളി അസോസിയേഷനെ നേര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നാക്കി തീര്‍ക്കുവാന്‍ സഹായിച്ച മുന്‍കാല സാരഥികളെയും അവരോടൊത്ത് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരേയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ നന്ദിയോടെ സ്മരിച്ചു. തുടര്‍ന്ന് പുതിയ പ്രസിഡന്റ് പുതിയ ഭരണസമിതിയെ സദസ്സിന് പരിചയപ്പെടുത്തുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ സംഷിപ്തമായ ഒരു രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. അതെ തുടര്‍ന്ന് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം കനിഹ ഭദ്രദീപം കൊളുത്തി പുതിയ ഭരണസിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. കനിഹ പുതിയ ഭരണസമിതിക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുകയും റ്റാമ്പായിലെ മലയാളികളുടെ സ്നേഹത്തിനു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ മുന്‍കാല പ്രസിഡന്റുമാരെ സദസ്സില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് കിഷോര്‍ വട്ടപ്പറമ്പില്‍ ആയിരുന്നു അവരെ വേദിയിലേയ്ക്ക് ക്ഷണിച്ചത്. റോഹന്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പഞ്ചാബി ഡ്രം മേളത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഒരു നല്ല നടിയും നര്‍ത്തകിയുമായ കനിഹ ഒരു നല്ല ഗായികയുമാണെന്ന് തെളിയിച്ചുകൊണ്ട് അതിമനോഹരമായി ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് "ശ്രുതിലയ ഓര്‍ക്കസ്ട്ര''(മായാവി) അവതരിപ്പിച്ച ഗാനമേളയും അസോസിയേഷന്‍ അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും വേദിയില്‍ അരങ്ങേറി. ജോമോന്‍ തെക്കേതൊട്ടിയില്‍, മേരി മാര്‍ട്ടിന്‍, റോഹന്‍ ഏബ്രഹാം, അല്ലി തണ്ടാശ്ശേരില്‍ എന്നിവരായിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. എം. എ. സി. എഫ്. -ന്റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങുകള്‍ക്ക് പ്രസിഡന്റ് സണ്ണി മറ്റമന, വൈസ് പ്രസിഡന്റ് കിഷോര്‍ വട്ടപ്പറമ്പില്‍ സെക്രട്ടറി ലൂമോന്‍ തറയില്‍ ട്രഷറര്‍ ഷീലാകുട്ടി ജോയിന്റ് സെക്രട്ടറി ജിനോ വര്‍ഗ്ഗീസ്, ജോ. ട്രഷറര്‍ സുരേഷ് നായര്‍, എക്സ് ഓഫീഷിയോ ടീ ഉണ്ണികൃഷ്ണന്‍ ബോര്‍ഡംഗങ്ങളായ ജേക്കബ് മാണിപറമ്പില്‍, റീത്ത രമണി, ഷിജു മാത്യു, ബോബി കുരുവിള, ലിസ്സി തണ്ടാശ്ശേരിയില്‍, ഫിലിപ്പ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലൂമോന്‍ തറയില്‍
Comments