ചിക്കാഗോ: സെന്റ് മേരീസ് ദേവാലയത്തില്‍ നിത്യാരാധനയ്ക്കായി ചാപ്പല്‍ ഒരുങ്ങുന്നു. ഫെബ്രുവരി 26-ാം തീയതി ശനിയാഴ്ച വികാരി ഫാ. എബ്രാഹം മുത്തോലത്ത് ആരാധന ചാപ്പല്‍ വെഞ്ചരിച്ച് ഇടവക ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ആരാധനയ്ക്ക് ക്രൈസ്തവ ജീവിതത്തില്‍ പ്രധാന സ്ഥാനമാണുള്ളത്. ആരാധനയില്‍ പങ്കെടുക്കുന്നതിലൂടെ അനേകായിരങ്ങള്‍ക്ക് സ്വര്‍ഗ്ഗീയാനുഭൂതി ലഭിച്ചിട്ടുണ്ട്. യാന്ത്രികമായ അമേരിക്കന്‍ ജീവിതത്തിനിടിയില്‍ ഏതാനും മണിക്കൂറുകള്‍ ആരാധനയ്ക്കായി മാറ്റി വയ്ക്കുന്നതിലൂടെ വിശ്വാസികളുടെ വേദനകളും ആകുലതകളും മോഹങ്ങളും മോഹഭംഗങ്ങളും ദൈവതിരുസന്നിധിയില്‍ അര്‍പ്പിക്കുവാന്‍ ആരാധനാ കപ്പേള അവസരമൊരുക്കുന്നു. ദൈവത്തിന്റെയും മാലാഖമാരുടേയും ദിവ്യസാന്നിദ്ധ്യമുള്ള ഭൂമിയിലെ സ്വര്‍ഗ്ഗമാണ് ആരാധനാലയം. ആ ആരാധനാലയത്തില്‍ ശരണം പ്രാപിക്കുമ്പോള്‍ വലിയ ആത്മീയ നവീകരണത്തിനും, പാപികളുടെ മാനസാന്തരത്തിനും, ലോകം മുഴുവന്‍ നന്മയ്ക്കും, ഉള്ളുതുറന്ന് പ്രാര്‍ത്ഥിക്കുവാന്‍ അവസരം ലഭിക്കുന്നു. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും ആത്മീയ പ്രഭ പരത്തിക്കൊണ്ട് അനേകര്‍ക്ക് ആശ്വാസമരുളുവാന്‍ നിത്യാരാധന ചാപ്പല്‍ അവസരമൊരുക്കട്ടെ എന്ന് വികാരി ഫാ. എബ്രാഹം മുത്തോലത്ത് ആശംസിച്ചു.
ഭാരതീയ വാസ്തുശില്പകലയും സീറോമലബാര്‍ സഭാ പാരമ്പര്യവും അമേരിക്കന്‍ ടെക്നോളജിയും സമന്വയിപ്പിച്ച് അതിമനോഹരമായി സെന്റ് മേരീസ് ദേവാലയത്തിന്റെ അള്‍ത്താര രൂപകല്പന ചെയ്ത പ്രശ്സ്ത കലാകാരന് നാരായണന് കുട്ടപ്പനാണ് നിത്യാരാധനാ ചാപ്പലും അണിയിച്ചൊരുക്കുന്നത്. സെന്റ് മേരീസ് പ്രാര്‍ത്ഥനാ ഗ്രൂപ്പ് സ്പോണ്സര് ചെയ്തിരിക്കുന്ന ആരാധനാ ചാപ്പലില്‍ 26-ാം തീയതി ശനിയാഴ്ച മുതല്‍ ആരാധനയ്ക്കായി എത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ റ്റിസി ഞാറവേലില്‍, ലിസി മുല്ലപ്പള്ളി എന്നിവരുടെ കൈവശം പേരുകള്നല്കി സമയങ്ങള്‍ ക്രമീകരിക്കണമെന്ന് അറിയിക്കുന്നു.
സാജു കണ്ണമ്പള്ളി |