ഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റി യുവജനോത്സവം ആവേശകരമായ അനുഭവമായി

posted Oct 6, 2010, 12:20 AM by Knanaya Voice   [ updated Oct 6, 2010, 9:22 AM by Anil Mattathikunnel ]

ഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ഇക്കൊല്ലത്തെ യുവജനോത്സവം കെ.സി.എസ്‌ കമ്യൂണിറ്റി സെന്ററില്‍ ആവേശകരമായ അന്തരീക്ഷത്തില്‍ വിജയകരമായി നടത്തി. ഏറ്റവും കൂടതല്‍ പോയിന്റ്‌ നേടി സോന കദളിമറ്റം കലാതിലകമായി. ബ്രിറ്റ്‌നി ചൂട്ടുവേലിയും, ഷാരോണ്‍ പിള്ളവീട്ടിലും റണ്ണേഴ്‌സ്‌ അപ്പായി. ഇരുനൂറ്റമ്പതില്‍പരം കുട്ടികള്‍ പങ്കെടുത്ത കലാമാമാങ്കം മുന്‍ കലാപ്രതിഭ ജസ്റ്റിന്‍ ആശാരിക്കുറ്റ്‌, മുന്‍ കലാതിലകങ്ങളായ ബ്രിറ്റ്‌നി ചൂട്ടുവേലി, ഫെലിഷ്യ വിരുത്തിക്കുളങ്ങര, കെ.സി.എസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ട്‌ എന്നിവര്‍ ചേര്‍ന്ന്‌ ദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ വിവിധ സ്റ്റേജുകളില്‍ നൃത്ത, നൃത്തേതര മത്സരങ്ങള്‍ അരങ്ങേറി. തട്ടുതകര്‍പ്പന്‍ മത്സര ഇനങ്ങളില്‍ ഒന്നായ പാശ്ചാത്യനൃത്ത മത്സരം പുതുമകള്‍ കൊണ്ട്‌ സമ്പന്നമായിരുന്നു. കൊച്ചുകുട്ടികള്‍ക്കായി നടത്തിയ പുഞ്ചിരി മത്സരം, പ്രച്ഛന്ന വേഷ മത്സരം എന്നിവ സദസിനു കൗതുകമായി. ഏറെ ആവേശം പകര്‍ന്ന സ്‌പെല്ലംഗ്‌ ബി മത്സരം കുട്ടികള്‍ക്ക്‌ ത്രസിപ്പിക്കുന്നയിരുന്നു. പ്രസംഗം, ലളിത ഗാനം, പെന്‍സില്‍ ഡ്രോയിംഗ്‌, കവിത തുടങ്ങിയ വ്യത്യസ്‌തങ്ങളായ മത്സരങ്ങളില്‍ കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. കെ.സി.എസ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ മേയമ്മ വെട്ടിക്കാട്ട്‌, ജോണ്‍ പാട്ടപ്പതി, ജോസ്‌ തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ക്കു പുറമേ യൂത്ത്‌ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജയിംസ്‌ തിരുനെല്ലിപറമ്പില്‍, കോ ചെയര്‍ ചിന്നു തോട്ടം, ടെഡി മുഴുവന്‍മാക്കില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ നീണ്ട കലാമേള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഹൃദ്യമായ അനുഭവമായി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍

Comments