ഷിക്കാഗോ സെന്റ് മേരീസില്‍ വായ്പാ സമാഹരണ പദ്ധതിക്ക് തുടക്കം കുറിച്ചു.

posted Feb 16, 2011, 3:27 AM by Knanaya Voice   [ updated Feb 16, 2011, 7:28 AM by Saju Kannampally ]

സെന്റ് മേരീസ് ക്നാനായ ഇടവകയിലെ "വായ്പാ സമാഹരണ പദ്ധതി''യുടെ ഉദ്ഘാടനം മോണ്‍. എബ്രാഹം മുത്തോലത്ത് അഗാപെ മൂവ്മെന്റില്‍നിന്നും 50,000 ഡോളറിന്റെ ചെക്ക് ജോയിസ് മറ്റത്തിക്കുന്നേലിനെ ഏല്‍പ്പിച്ചുകൊണ്ട് നിര്‍വ്വഹിക്കുന്നു. റോയി നെടും ചിറ, കെ. സി. എസ്. വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, പോള്‍സണ്‍ കുളങ്ങര, ബീനാ മണപ്പള്ളി, സാജു കണ്ണമ്പള്ളി, ജൂലി പൂത്തേത്ത്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, തമ്പി വിരുത്തിക്കുളങ്ങര എന്നിവര്‍ സമീപം


ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ വായ്പാ സമാഹരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഷിക്കാഗോയില്‍ രണ്ടാമത് യാഥാര്‍ത്ഥ്യമായ ദേവാലയമാണ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവക ദേവാലയം. 15 ലക്ഷം ഡോളര്‍ ബാങ്ക് വായ്പ എന്ന ബാദ്ധ്യത ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇടവകാംഗങ്ങളില്‍നിന്നും വായ്പ സ്വീകരിച്ചുകൊണ്ട് ഭീമമായ പലിശ ഒഴിവാക്കി ബാങ്ക് വായ്പ അടച്ചുതീര്‍ക്കുക എന്ന ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇടവകാംഗങ്ങളില്‍നിന്നും 10,000 മുതല്‍ ഒരു ലക്ഷം വരെയുള്ള വ്യക്തിഗത വായ്പയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രസ്തുത വായ്പയ്ക്ക് ആകര്‍ഷകമായ പലിശ നല്‍കുവാനും ഫാ. എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തിലുള്ള പരീഷ് കൌണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ പദ്ധതിക്ക് മുന്നോടിയായി, ഫാ. എബ്രഹാം മുത്തോലത്ത് നേതൃത്വം നല്‍കുന്ന "അഗാപെ മൂവ്മെന്റ്'' എന്ന ചാരിറ്റി പ്രസ്ഥാനത്തില്‍നിന്നും 50,000 രൂപ വായ്പയായി സെന്റ് മേരീസ് പള്ളി അക്കൌണ്ടന്റ് ജോയിസ് മറ്റത്തിക്കുന്നേലിന് നല്‍കിക്കൊണ്ട് ഫാ. എബ്രാഹം മുത്തോലത്ത് പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്തു.  ഇത്തരത്തിലുള്ള വ്യക്തിപരമായ വായ്പാ പദ്ധതിയിലൂടെ അതിവേഗം സ്വയം പര്യാപ്തമായാല്‍ മാത്രമേ മുന്നോട്ടുള്ള വികസന പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുവാന്‍ കഴിയൂ എന്ന് മോണ്‍. മുത്തോലത്ത് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

സാജു കണ്ണമ്പള്ളി

Comments