ഷിക്കാഗോ: ഷിക്കാഗോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നാമത്തെ മഞ്ഞുവീഴ്ചക്ക് താല്‍ക്കാലിക ശമനം. 20.2 ഇഞ്ച് മഞ്ഞ് വീണ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിയേറിയ കാറ്റിന്റെ ഫലമായി പല സ്ഥലങ്ങളിലായി ഒന്നരയാള്‍ ഉയരത്തില്‍ വരെയാണ് മഞ്ഞ് വീണത്. ജനജീവിതം പാടേ താറുമാറാക്കിയ ദിവസങ്ങള്‍. ഇനി കടുത്ത തണുപ്പിന്റെയും മഞ്ഞുമാറ്റലിന്റെയും ദിവസങ്ങള്‍ക്കായി വഴിമാറുകയാണ്. നാളെ (വ്യാഴം) -10 ഡിഗ്രി C. ആണ് കുറഞ്ഞ താപനിലയായി പ്രവചിച്ചിരിക്കുന്നത്. നിറഞ്ഞു കവിഞ്ഞു കിടക്കുന്ന മഞ്ഞും തണുത്ത കാറ്റും താപനില പ്രവചനാതീതമായി താഴ്ത്തുമെന്നാണ് കരുതുന്നത്. കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും കാരണം ഇന്നും സ്കൂളുകളും കോളേജുകളും തുറന്നുപ്രവര്‍ത്തിക്കുന്നതല്ല. നാളെ രാവിലെയോടെ ജാഗ്രതാ സമയം അവസാനിക്കുകയാണെങ്കിലും ജനജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിച്ചേരാന്‍ ഇനിയും ദിവസങ്ങളെടുക്കും. പ്രധാന റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടെങ്കിലും ഇനിയും ജനവാസം നിറഞ്ഞ പലസ്ഥലങ്ങളിലും റോഡുകള്‍ ഇനിയും സഞ്ചാരയോഗ്യമായിട്ടില്ല. വഴികളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ കാരണം പൂര്‍ണ്ണമായും മഞ്ഞ് നീക്കം ചെയ്യാന്‍ അധികൃതര്‍ക്കും അതോടൊപ്പം മഞ്ഞു നീക്കം ചെയ്യുന്ന ട്രക്കുകള്‍ തള്ളിയ മഞ്ഞുകൊണ്ട് മൂടപ്പെട്ടതുകാരണം വാഹന ഉടമകള്‍ക്കും ഇനി തലവേദനയുടെ ദിനങ്ങളാണ്. കടുത്ത തണുപ്പ് അവസ്ഥയെ കൂടുതല്‍ വഷളാക്കുന്നുണ്ട്. അമേരിക്കയിലെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളത്തിലൊന്നായ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ നാളെ മുതല്‍ വിമാന സര്‍വ്വീസ് കുറെയെങ്കിലും പുനസ്ഥാപിക്കുമെന്നാണ് കരുതുന്നത്. അതുപോലെ ട്രെയിന്‍ (മെട്രോ& സി.റ്റി.എ.) ബസ് സര്‍വ്വീസുകള്‍ പരമാവധി പുനരാരംഭിക്കുവാന്‍ തുടങ്ങും എന്ന് അധികൃതര്‍ അറിയിച്ചു. മിഡ് വെസ്ടിനെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രകൃതിയുടെ വിളയാട്ടത്തിന് ശമനമാകുമ്പോള്‍ ഷിക്കാഗോയിക്ക് അഭിമാനിക്കാം. അധികൃതരും ജനങ്ങളും നെഞ്ച് വിരിച്ച് സധൈര്യം വെല്ലുവിളികളെ നേരിടുകയും അതില്‍ വിജയിക്കുകയും ചെയ്തു.. വലിയ പരുക്കുകളില്ലാതെ. |