താമ്പാ: കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന നിര്‍ധനരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ ഫണ്ടിലേക്ക് തുക സമാഹരിക്കാന്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിക്ക് നവംബര്‍ ഏഴാംതീയതി ഞായറാഴ്ച രാവിലെ പത്തിന് താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ഇടവകാംഗങ്ങള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. തുടര്‍ന്ന് മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാര്‍മികത്വത്തിലും വികാരി റവ. ഫാ. ബിന്‍സ് ചേത്തലിന്റെ സഹകാര്‍മികത്വത്തിലും ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. വിശുദ്ധ കുര്‍ബാന മധ്യേ നടന്ന പ്രസംഗത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവയ്ക്കുണ്ടായ അസൂയാവഹമായ വളര്‍ച്ചയ്ക്ക് ചുക്കാന്‍പിടിക്കുന്ന വികാരിയച്ചനേയും പള്ളികമ്മിറ്റിയംഗങ്ങളേയും മാര്‍ ജോസഫ് പണ്ടാരശേരി പ്രശംസിച്ചു. തുടര്‍ന്ന് അതിരൂപതയുടെ വിദ്യാഭ്യാസ ഫണ്ടിലേക്ക് 20000 ഡോളറോളം സമാഹരിക്കാന്‍ അകമഴിഞ്ഞ് സംഭാവന നല്‍കിയവരെ നന്ദിയോടെ സ്മരിച്ചു.
വിശുദ്ധകുര്‍ബാനയ്ക്കുശേഷം ഒക്ടോബര്‍ 28-ന് മാര്‍ ജോസഫ് പണ്ടാരശേരിയുടെ മെത്രാഭിഷേകത്തിന്റെ നാലാംവാര്‍ഷികം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ദേവാലയത്തില്‍ നടന്നു. ചടങ്ങില്‍ താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്നാനായ ഇടവകയിലെ ക്നാനായ മക്കളുടെ സ്നേഹവും, വാത്സല്യവും അനുഭവിച്ചറിഞ്ഞ മാര്‍ ജോസഫ് പണ്ടാരശേരിക്ക് ഇടവക അംഗങ്ങളുടെ കലവറയില്ലാത്ത സഹകരണം വാഗ്ദാനം ചെയ്യുന്നുവെന്നും ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത തുടക്കംകുറിക്കുന്ന പുതിയ പദ്ധതികള്‍ക്ക് ചുക്കാന്‍പിടിക്കുന്ന കൊച്ചുപിതാവിന് എല്ലാവിധ പ്രാര്‍ത്ഥനകളും, ഭാവുകങ്ങളും നേരുന്നുവെന്നും ആശംസാ പ്രസംഗം നടത്തിയ ഇടവക പി.ആര്‍.ഒ ജോസ്മോന്‍ തത്തംകുളം പറഞ്ഞു. ഇടവകാംഗങ്ങളുടെ സ്നേഹസൂചകമായി ബിഷപ്പിന് കൈക്കാരന്‍ ബെന്നി വഞ്ചിപ്പുരയ്ക്കല്‍ പുഷ്പങ്ങള്‍ സമ്മാനിച്ചു.
താമ്പാ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റ വികാരി റവ.ഫാ. ബിന്‍സ് ചേത്തലിന് ഇടവകാംഗങ്ങളുടെ സ്നേഹസൂചകമായി കൈക്കാരന്‍ സാബു കൂന്തമറ്റം പുഷ്പങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് ഓഗസ്റ് ഒന്നാംതീയതി നടന്ന ഇടവകയുടെ കൂദാശയും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും അടങ്ങിയ ഡിവിഡി ദേവാലയത്തിന് ഏറ്റവുംകൂടുതല്‍ തുക സംഭാവന ചെയ്ത ഏബ്രഹാം പതിയിലിന് ആദ്യ കോപ്പി മാര്‍ ജോസഫ് പണ്ടാരശേരി നല്കി പ്രകാശനം ചെയ്തു. പിന്നീട് മതബോധന ക്ളാസുകളിലെ 150 കുട്ടികള്‍ ആലപിച്ച മംഗളഗാനവും നടത്തപ്പെട്ടു. അതിനുശേഷം മെത്രാഭിഷേകത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം കേക്ക് മുറിച്ച് ബിഷപ്പ് ഇടവക ജനങ്ങളുമായി പങ്കുവെച്ചു. തുടര്‍ന്ന് നടന്ന സ്നേഹവിരുന്നുശേഷം സൌത്ത് ഫ്ളോറിഡയിലെ ക്നാനായ മിഷനില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ മാര്‍ പണ്ടാരശേരി മയാമിയിലേക്ക് യാത്രതിരിച്ചു.
ജോസ്മോന്‍ തത്തംകുളം |