താമ്പ ക്‌നാനായ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

posted Aug 7, 2010, 9:16 AM by Anil Mattathikunnel   [ updated Aug 7, 2010, 9:19 AM ]
താമ്പ: ഭാരതത്തിന്റെ അഭിമാനവും പ്രഥമവിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ താമ്പായിലെ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഓഗസ്റ്റ്‌ 8 ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയും, തിരുനാള്‍ പ്രസംഗവും, ലദീഞ്ഞും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ച്‌ മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി ആഘോഷമായ പ്രദക്ഷിണം ചാപ്പലിലേക്കു നടത്തപ്പെടുന്നതാണ്‌. ചാപ്പലില്‍ വിശുദ്ധയുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠാകര്‍മ്മം നടത്തപ്പെടുന്നതാണ്‌. തുടര്‍ന്ന്‌ നേര്‍ച്ചകാഴ്‌ച സമര്‍പ്പണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌. ഓഗസ്റ്റ്‌ ഒന്നിന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും, കോട്ടയം അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടും, സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിയും ചേര്‍ന്ന്‌ കൂദാശ നടത്തി. ഇടവകയായി പ്രഖ്യാപിച്ചശേഷം ദേവാലയത്തില്‍ നടക്കുന്ന പ്രഥമ തിരുനാളാണിത്‌. തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിച്ച്‌ വിശുദ്ധയുടെ മധ്യസ്ഥതയാല്‍ കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും വികാരി ഫാ. ബിന്‍സ്‌ ചേത്തലിയും മറ്റു ഭാരവാഹികളും ക്ഷണിച്ചു. സാബു ഇല്ലിക്കലാണ്‌ തിരുനാള്‍ പ്രസുദേന്തി.
ജോസ്മോന്‍ തത്തംകുളം
Comments