താമ്പാ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ് ആഘോഷിച്ചു.

posted Jan 24, 2011, 3:04 AM by Knanaya Voice
റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മത്തിലൂടെ ക്രിസ്തുമസ് ആഘോഷിച്ചു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിന് വിശ്വാസികള്‍ തിങ്ങി നിറഞ്ഞു. ഡിസംബര്‍ 24-ാം തീയതി വൈകുന്നേരം 8 മണിക്ക് ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. വികാരി റവ. ഫാ. ബിന്‍സ് ചേത്തലിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ലോകരക്ഷകനായ ഉണ്ണിയേശുവിന്റെ പിറവിക്കുശേഷം വികാരി ഉണ്ണിയേശുവിനെ കൈകളിലേന്തി പ്രദക്ഷിണമായി ദേവാലയത്തിന്റെ പുറത്ത് സജ്ജമാക്കിയിരുന്ന തീ കുണ്ഠത്തില്‍ പരമ്പരാഗത രീതിയിലുള്ള തീ കായിക്കല്‍ കര്‍മ്മം നടത്തപ്പെട്ടു. പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ക്കുശേഷം ദേവാലയത്തില്‍ വച്ച് മതബോധന ക്ളാസ്സുകളിലെ കുട്ടികള്‍ അവതരിപ്പിച്ച അതിമനോഹരമായ "നേറ്റിവിറ്റി ഷോ'' നടത്തപ്പെട്ടു. തുടര്‍ന്ന് ഇടവക ഈവര്‍ഷം സംഘടിപ്പിച്ച "സ്നേഹദൂത് 2010 '' ല്‍ എല്ലാ ദിവസവും പങ്കെടുത്ത സിറി ചാഴിക്കാട്ട് കുടുംബാംഗങ്ങള്‍ക്ക് വികാരി പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ഇടവക എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിന്റെ നാമനിര്‍ദ്ദേശ മത്സരത്തില്‍ വിജയിച്ച ചാച്ചി വട്ടപറമ്പിലിനു വികാരി സമ്മാനം നല്‍കി. ഇനി മുതല്‍ ഇടവക ബുള്ളറ്റിന്‍ "സ്നേഹദൂത്'' എന്ന പേരിലായിരിക്കും അറിയപ്പെടുക. തുടര്‍ന്ന് ഇടവക സംഘടിപ്പിച്ച പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ വില്‍സണ്‍ & ജോളി മൂലക്കാട്ടിനും രണ്ടാം സമ്മാനം നേടിയ ജോയി & ബീന വട്ടപ്പറമ്പിലിനും പ്രോത്സാഹന സമ്മാനം നേടിയ ബിജു & ജെസ്സി വെട്ടുപാറപ്പറം എന്നിവര്‍ക്കും കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ്ജ് നെല്ലാമറ്റം സമ്മാനങ്ങള്‍ നല്‍കി. ഈ വര്‍ഷത്തെ ക്നാനായ ക്രിസ്തുമസ് സ്റ്റാര്‍ കുടുംബമായി തിരഞ്ഞെടുത്ത ജോബി & ജാസ്മിന്‍ പുല്ലാപ്പള്ളിക്ക് ജോര്‍ജ്ജ് നെല്ലാമറ്റം സമ്മാനം നല്‍കി. തുടര്‍ന്ന് ജോസ്മോന്‍ തത്തംകുളം  ജോണി പുതുശ്ശേരിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നയനമനോഹരമായ കരിമരുന്ന് കലാപ്രകടനം നടത്തപ്പെട്ടു. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ സ്നേഹവിരുന്നോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ സമാപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ദേവാലയവും പരിസരവും അതിമനോഹരമായി അലങ്കരിക്കുകയും ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത എല്ലാ പള്ളി കമ്മറ്റി അംഗങ്ങള്‍ക്കും വോളന്റിയര്‍മാര്‍ക്കും വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ നന്ദി രേഖപ്പെടുത്തി.
ജോസ്മോന്‍ തത്തംകുളം
Comments