താമ്പയിലെ ക്‌നാനായ കത്തോലിക്കാ ദേവാലയ കൂദാശ ഓഗസ്‌റ്റ്‌ ഒന്നിന്

posted Jul 21, 2010, 11:20 AM by Anil Mattathikunnel
താമ്പ: താമ്പയിലും പരസര പ്രദേശങ്ങളിലുമുള്ള ക്‌നാനായ മക്കളുടെ സ്വപ്‌നം സാക്ഷാത്‌കരിച്ചു കൊണ്ടു സ്വന്തമാക്കിയ ദേവാലയത്തിന്റെ കൂദാശ ഓഗസ്‌റ്റ്‌ ഒന്നാം തീയതി ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ നടക്കും. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍, കോട്ടയം അതിരൂപതാ ആര്‍ച്ചബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ താമ്പ സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തിന്റെ കൂദാശ നടത്തുക. അന്നു തന്നെ ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും, സ്ഥൈര്യലേപനവും നടത്തപ്പെടുന്നതാണ്‌. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനത്തില്‍ പീറ്റേഴ്‌സ്‌ബര്‍ഗ്‌ രൂപതാ ബിഷപ്‌ ഡോ. റോബര്‍ട്ട്‌ ലിന്‍ച്‌ മുഖ്യാതിഥിയായി പങ്കെടുക്കും. ഫാ.എബി വടക്കേക്കരയുടെ നേതൃത്വത്തില്‍ ജിമ്മി കാവില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച കമ്മിറ്റിയുടെ പ്രശംസനീയ പ്രവര്‍ത്തനം കൊണ്ടാണ്‌ 12,000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ദേവാലയവും, ചാപ്പലും, 6 ഓഫീസ്‌ മുറികളുള്ള കെട്ടിടവും, 8 ക്ലാസ്‌ റൂമുകളുള്ള കെട്ടിവും, 8 മൊബൈല്‍ ക്ലാസ്‌ മുറികളുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. ഓഗസ്‌റ്റ്‌ ഒന്നിനു നടക്കുന്ന ധന്യമായ ചടങ്ങിലേക്ക്‌ പുതുതായി ചാര്‍ജെടുത്ത വികാരി ഫാ.ബിന്‍സ്‌ ചേത്തലിലും, ജനറല്‍ കണ്‍വീനര്‍ തോമസ്‌ വെട്ടുപാറപ്പുറവും നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ ക്‌നാനായ മക്കളെയും സ്വാഗതം ചെയ്‌തു.

ജോസ്‌മോന്‍ തത്തംകുളം

Comments