യു.കെ. ക്‌നാനായ കണ്‍വന്‍ഷനു ചരിത്രവിജയം

posted Aug 24, 2009, 7:27 AM by Saju Kannampally   [ updated Aug 25, 2009, 1:23 PM ]

UKKCA


ലണ്ടന്‍ യു.കെ. കെ.സി.എ.യുടെ 8ാ-മത്‌ കണ്‍വന്‍ഷന്‍ യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാളി സംഗമത്തിനുതന്നെ സാക്ഷ്യം വഹിച്ചു. പുരാതന പാട്ടുകളുടെ മാറ്റൊലികളില്‍ മാല്‍വണ്‍ മലനിരകള്‍ പ്രകമ്പനംകൊണ്ടു. ക്‌നാനായ വൈകാരികതയുടെ ഊഷ്‌മളതയില്‍ അലിഞ്ഞുചേരാന്‍ ആയിരങ്ങളെത്തി. രാവിലെ 10.30 ന്‌ അഭിവന്ദ്യ ആര്‍ച്ചുബിഷപ്പ്‌ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങര, പിതാവ്‌ യു.കെ. കെ.സി.എ.യുടെ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങളുടെ ആവേശത്തില്‍ ഒരു സമൂഹത്തിന്റെ നൂറ്റാണ്ടുകള്‍ പിന്നിട്ട പ്രവാസ പ്രയാണ വിജയഗാഥകളില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ത്തു. ഉച്ചയ്ക്കുശേഷം 2 മണിക്ക്‌ ആരംഭിച്ച്‌ സമുദായ റാലി പ്രൌഡഗംഭീരമായി. യു.കെ.യുടെ നാനാഭാഗങ്ങളില്‍നിന്നുമുള്ള സമുദായ സ്‌നേഹികള്‍ പ്രായഭേദമെന്യേ വികാരാവേശത്തിന്റെ സാമാദായിക പ്രബുദ്ധതയുടെ വര്‍ണ്ണശോഭയില്‍ ലയിച്ചുചേര്‍ന്നു. ക്‌നായിതോമാ ദൈവദാസര്‍ മാര്‍ മാക്കീല്‍, പൂതത്തില്‍ തൊമ്മിയച്ചന്‍ തുടങ്ങി മാവേലി മഹാരാജന്‍ വരെയുള്ള വേഷപ്പകര്‍ച്ചയില്‍ വിസ്‌മയ ഭരിതരായ കാണികളുടെ കാതുകളില്‍ മേളക്കൊഴുപ്പേകാന്‍ വാദ്യമേളക്കാരുടെ ഒരു നിരതന്നെയുണ്ടായിരുന്നു. പരമ്പരാഗത വേഷവിതാനങ്ങളിലെത്തിയ യുവതീയുവാക്കളുടെ ഭാവപ്പകര്‍ച്ചയില്‍ പാശ്ചാത്യ പരിഷ്‌ക്കാരങ്ങള്‍ അമ്പരന്നുനിന്നു.

             തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ യു.കെ. കെ.സി.എ. പ്രസിഡന്റ്‌ ശ്രീ. സിറിള്‍ പടപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ച്‌ ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങര, മാര്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍, അയൂബ്‌ മോര്‍ സില്‍വാനിയോസ്‌ മോത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മോണ്‍. തോമസ്‌ കുരിശുംമൂട്ടില്‍, ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ. ലൂക്ക്‌ പുതിയകുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടില്‍, ഫാ. സജി തോട്ടത്തില്‍, ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തില്‍, ഫാ. തോമസ്‌ കൊച്ചാലുംചൊവുട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്‌നാനായ സമുദായം മുന്‍പെന്നത്തേക്കാളും ശക്തവും ദൃഢവുമായി നിലകൊള്ളുന്നു എന്നതിന്റെ പ്രകടോദാഹരണമാണ്‌ പാശ്ചാത്യ നാടുകളില്‍പോലും നടക്കുന്ന ഇത്തരം മഹാസംഗമങ്ങള്‍ എന്ന്‌ ജസ്റ്റിസ്‌ സിറയക്‌ ജോസഫ്‌ അഭിപ്രായപ്പെട്ടു. മൂല്യങ്ങളില്‍ ഉറച്ച്‌ വചനത്തില്‍ വസിക്കുന്ന പ്രവാസി ക്‌നാനായ മക്കളുടെ കൂട്ടായ്‌മയില്‍ വിരുത്തിക്കുളങ്ങര പിതാവ്‌ സന്തുഷ്ടിപ്രകടിപ്പിച്ചു. സമുദായ ഐക്യം തകര്‍ക്കാനാവാത്ത രക്തബന്ധങ്ങളുടെ തിരിച്ചറിവാണ്‌. അതു തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ തിരിച്ചറിയാനുള്ള വിവേകം ക്‌നാനായക്കാര്‍ക്കുണ്ട്‌. പ്രസിഡന്റ്‌ സിറിള്‍ പടപ്പുരയ്ക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

          പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന സ്വാഗതനര്‍ത്തശില്‌പം അക്ഷരാര്‍ത്ഥത്തില്‍ ദൃശ്യശ്രവ്യ വിസ്‌മയം തീര്‍ത്തു. അന്‍പതോളം കലാപ്രതിഭകള്‍ അരങ്ങുണര്‍ത്തി. പുതുമയാര്‍ന്ന കലാസന്ധ്യ രാവേറെനിന്നു. പ്രൈഡ്‌ ഓഫ്‌ ബ്രിട്ടന്‍ അവാര്‍ഡ്‌ ജേതാവ്‌ ജൂബി മുളയാനികുന്നേലിന്‌ യു.കെ. കെ.സി.എ.യുടെ ഉപഹാരം ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ നല്‍കി. റാലിയില്‍ ബര്‍മിംഗ്‌ഹാം യൂണിറ്റ്‌ ഒന്നും, മാഞ്ചസ്റ്റര്‍ രണ്ടും, ന്യൂകാസില്‍, ലീഡ്‌സ്‌ യൂണിറ്റുകള്‍ മൂന്നാംസ്ഥാനവും പങ്കിട്ടു. എബി ജോസഫ്‌ സ്വാഗതവും മാത്യു വില്ലൂത്തറ ``പ്രവര്‍ത്തന മാര്‍ഗ്ഗ-രേ-ഖയും'' സ്റ്റീഫന്‍ തെരുവത്ത്‌ റിപ്പോര്‍ട്ടും, സിബു കുളങ്ങര നന്ദിയും പറഞ്ഞു. റെജി മഠത്തിലേട്ട്‌, ബിജു മടുക്കാക്കുഴി റാലിയ്ക്കു നേതൃത്വം നല്‍കി. ഷാജി ചരമേല്‍, തേജിന്‍ തോമസ്‌, നിമിഷാ ബേബി എന്നിവര്‍ അവതാരകരായിരുന്നു. യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്‌നാനായ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച ചാരിതാര്‍ത്ഥ്യത്തിലാണ്‌ യു.കെ.യിലെ ക്‌നാനായക്കാര്‍.

ഷാജി ചരമേല്‍.

YouTube Video


Comments