മാൽവെൺ ഹിൽസ്: യു.കെ. ക്നാനായ കത്തോലിക്ക അസോസിയേഷന്റെ എട്ടാമത് കൺവേൺഷനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. അയ്യായിരത്തിലധികം ക്നാനായ കത്തോലിക്കരെത്തുന്ന കൺവേൺഷന് വിപുലമായ ഒരുക്കങ്ങൾ സംഘാടകർ നടത്തിവരുന്നു. ഓഗസ്റ്റ് 22-ന് രാവിലെ പത്തരയ്ക്ക് ദൈവദാസന്മാരായ മാർ മാത്യു മാക്കിൽ, ഫാ. തോമസ് പൂതത്തിൽ എന്നിവരോടുള്ള അനുസ്മരണ ബലിയോടെയായിരിക്കും പരിപാടികൾ ആരംഭിക്കുക. നാഗ്പൂർ ആർച്ച് ബിഷപ്പ് മാർ എബ്രഹാം വിരുത്തികുളങ്ങര മുഖ്യകാർമ്മികത്വത്തിൽ മാർ ജോർജ് പള്ളിപറമ്പിൽ, ഫാ. തോമസ് കുരിശുംമൂട്ടിൽ, ഫാ. ലൂക്ക് പുതിയകുന്നേൽ, ഫാ. സജി മലയിൽപുത്തൻപുര, ഫാ. സജി തോട്ടം, ഫാ. സിറിൾ തടത്തിൽ, ഫാ. സെബാസ്റ്റ്യൻ അരീത്തോട്, ഫാ. ജിജോ നെല്ലികണ്ടത്തിൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ക്നാനായ സമുദായത്തിന്റെ തനിമയും പ്രൗഡിയും വിളിച്ചോതുന്ന ഘോഷയാത്ര ആരംഭിക്കും. മൂല്യാധിഷ്ഠിത കുടിയേറ്റം വചനാധിഷ്ഠിത കുടുംബം എന്ന കൺവേൺഷൻ ആപ്തവാക്യം അടിസ്ഥാനമാക്കി 35-ൽ അധികം യൂണിറ്റിലെ അംഗങ്ങൾ അണിചേരും. 3.30 -ന് സിറിൾ പടപുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം സുപ്രീംകോടതി ജസ്റ്റിസ് സിറിയക് ജോസഫ് ഉത്ഘാടനം ചെയ്യും. മാർ ഏബ്രഹാം വിതത്തികുളങ്ങര അനുഗ്രഹ പ്രഭാഷണവും മാർ ജോർജ് പള്ളിപ്പറമ്പിൽ സുവനിയറും പ്രകാശിപ്പിക്കും. പ്രൈസ് ഓഫ് ബ്രിട്ടൺ അവാർഡിന് അർഹനായ ജൂബി മുളയാനിക്കുന്നേലിനെ റോഷി അഗസ്റ്റിൻ എം.എൽ.എ. അനുമോദിക്കും. തുടർന്ന് സമുദായാംഗങ്ങളുടെ കലാപരിപാടികൾ ആരംഭിക്കും. പ്രവേശന പാസ് ലഭിക്കാത്തവർ യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് യു.കെ.കെ.സി.എ. ഭാരവാഹികൾ അറിയിച്ചു സഖറിയ പുത്തെന്‍കളം |