Articles‎ > ‎

സ്വാര്‍ത്ഥതയും സാഹോദര്യവും By KJ Jose Kannala SM Rtd

posted Dec 13, 2010, 12:04 AM by Anil Mattathikunnel   [ updated Dec 13, 2010, 12:05 AM by Unknown user ]
സ്വാര്‍ത്ഥതയും സാഹോദര്യവും ഇരുട്ടും വെളിച്ചവും പോലെയാണ്. സ്വാര്‍ത്ഥതയുള്ളിടത്ത് സാഹോദര്യം എങ്ങനെ ദര്‍ശിക്കുവാന്‍ സാധിക്കും. അതുപോലെ സാഹോദര്യം എവിടെയുണ്ടോ അവിടെ സ്വാര്‍ത്ഥതയ്ക്ക് എന്തു സ്ഥാനമാണുള്ളത്. മനുഷ്യര്‍ക്കിടയിലെ മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും സ്ഥായിയായ കാരണം സ്വാര്‍ത്ഥതയാണ്. സ്വാര്‍ത്ഥതാത്പര്യമാണ് ഒരാളെ മറ്റൊരുവനെ ചൂഷണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
നമ്മുടെ സംസ്ഥാനത്ത് ഒന്നുരണ്ടു നൂറ്റാണ്ട് മുന്‍പുവരെ ജീവിച്ചിരുന്ന മനുഷ്യരുടെ അനുഭവങ്ങള്‍ എന്തായിരുന്നു. ഇവിടുത്തെ ജാതിവ്യവസ്ഥയും, അന്ധവിശ്വാസങ്ങളും, ചൂഷണവ്യവസ്ഥിതികളും കണ്ട് സ്വാമി വിവേകാനന്ദനേപ്പോലെയുള്ളവര്‍ ഇതൊരു ഭ്രാന്താലയമാണെന്നാണ് വിശേഷിപ്പിച്ചത്. അക്കാലത്ത് ഇവിടെ നടന്നിരുന്ന അടിക്കച്ചവടത്തെപ്പറ്റിയും മറ്റും നാം ഇപ്പോള്‍ ചിന്തിച്ചാല്‍ തലചുറ്റിപ്പോകും. ഇവിടെത്തന്നെയല്ല അടിമക്കച്ചവടം ലോകത്തിന്റെ പലഭാഗത്തും നിലനിന്നിരുന്നു. സഹോദരതുല്യനായ മനുഷ്യനെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ചിന്തിക്കാന്‍പോലും പേടിയാകുന്നു. ഇതിലെല്ലാം നമുക്ക് വീക്ഷിക്കുവാന്‍ സാധിക്കുന്നത് സ്വാര്‍ത്ഥതയുടെ പ്രതിഫലനമാണ്. ഒത്തിരികാലമൊന്നുമായില്ല ഇതെല്ലാം ഏതാണ്ടൊന്നു അവസാനിച്ചിട്ട്. വടക്കേ ഇന്ത്യയിലും മറ്റും നിലവിലുണ്ടായിരുന്ന സതി സമ്പ്രദായത്തെപ്പറ്റിയൊക്കെ വിദ്യാസമ്പന്നരായ ഇന്നത്തെ സമൂഹം ചിന്തിച്ചാല്‍ അന്നു ജീവിച്ചുമരിച്ച മനുഷ്യരോട് വളരെയധികം സഹതാപം തോന്നും. സമത്വത്തെപ്പറ്റിയും സാഹോദരസ്നേഹത്തേപ്പറ്റിയുമുള്ള തത്വചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പല മതസമൂഹങ്ങളും അന്നും ഈ പ്രദേശങ്ങളിലെല്ലാം നിലനിന്നിരുന്നു. എന്നിരുന്നാലും തത്വശാസ്ത്രങ്ങളെ പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കണമെങ്കില്‍ വലിയ ഇച്ഛാശക്തി വേണ്ടിയിരുന്നു. സമൂഹത്തില്‍ മൊത്തമായി കൈവരിക്കേണ്ട മാറ്റങ്ങള്‍ക്ക് ഓരോ വ്യക്തിയുടേയും സംഭാവന ആവശ്യമാണ്. കാലക്രമേണ പല മഹാത്മാക്കളും രംഗത്ത് വന്നതുകൊണ്ടും അവരുടെ പ്രസ്ഥാനങ്ങള്‍ക്കൊണ്ടും മേല്‍പ്പറഞ്ഞ ചൂഷണ വ്യവസ്ഥിതികള്‍ക്കെല്ലാം ഒരു പരിധിവരെ കടിഞ്ഞാള്‍ ഇടാന്‍ സാധിച്ചു എന്നുള്ളതിന് ഇതിഹാസം സാക്ഷിയാണ്.
ഇനി നമുക്ക് നാം ഇന്നു ജീവിക്കുന്ന കാലഘട്ടത്തെപ്പറ്റി അല്പം ഒന്ന് ചിന്തിക്കാം. ഭൌതീക നേട്ടങ്ങള്‍ ഒത്തിരി കൈവരിച്ച ഒരു യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സയന്‍സും ടെക്നോളജിയും എന്തെല്ലാം പുതിയ പുതിയ കണ്ടുപിടിത്തങ്ങളാണ് നടത്തിയത്. ഈയിടെ മനോരമ പത്രത്തില്‍ വായിക്കുകയുണ്ടായി, കോട്ടയത്ത് ആദ്യമായി തീവണ്ടിയുടെ ചൂളംവിളി കേട്ടിട്ട് ഇപ്പോള്‍ അന്‍പത് വര്‍ഷമാണ് ആയതെന്ന്. ഈ അന്‍പത് വര്‍ഷത്തിനുള്ളില്‍ എത്രതരം ട്രെയിനുകളാണ് ഉണ്ടായത്. കൂടാതെ ഇന്നുള്ള മറ്റ് ഗതാഗത സൌകര്യങ്ങളെപ്പറ്റി ഇവിടെ വിശദീകരിക്കേണ്ട ആവശ്യമില്ല. വിദ്യുദ്ച്ഛക്തി ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളില്‍പേലും ഇപ്പോള്‍ സുലഭമാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍,  അറ്റോമിക് എനേര്‍ജി, ബയോടെക്നോളജി എന്നുവേണ്ട എല്ലാ മേഘലകളിലും മനുഷ്യന്‍ തന്റെ മികവ് തെളിയിച്ചുകഴിഞ്ഞു.
മേല്‍പ്പറഞ്ഞ ഭൌതീക നേട്ടങ്ങള്‍ക്കൊപ്പം നാം നമ്മുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ക്കൂടി വൈശിഷ്ട്യം നേടിയെടുക്കുവാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ സമൂഹത്തില്‍ വളരെ വലിയ പരിവര്‍ത്തനം ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇന്നും സാമ്പത്തിക പരമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ അതില്ലാത്തവരെ ചൂഷണം ചെയ്യുന്ന ഒരു അവസ്ഥയാണ് നമുക്ക് നാലുചുറ്റും ദര്‍ശിക്കുവാന്‍ സാധിക്കുന്നത്. സാഹോദര സ്നേഹവും സാ•ാര്‍ഗിക മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസവും ഉണ്ടെങ്കില്‍ സ്ത്രീപീഡന കേസുകളും പെണ്‍വാണിഭങ്ങളും എങ്ങിനെയാണ് അഴിഞ്ഞാടുന്നത്. ഇന്ന് സാക്ഷരതയില്‍ വളരെ മുന്‍പന്തിയിലാണെന്ന് അഭിമാനംകൊള്ളുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്. ബ്ളയിഡ് മാഫിയാകളും, വ്യാജ മദ്യവ്യാപാരികളും എന്താണ് ചെയ്യുന്നത്. ജാതിയുടേയും മതവര്‍ണ്ണ വ്യത്യാസത്തിന്റെയും പേരില്‍ ഇന്നും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും എന്താണ് കുറവ്. ഭക്ഷണസാധനങ്ങളില്‍ മയം ചേര്‍ക്കലും കൊള്ളലാഭം ഉണ്ടാക്കുവാന്‍ പൂഴ്ത്തി വയ്ക്കലും ചെയ്ത സഹോദരനെ സഹോദരന്‍ ചൂഷണം ചെയ്യുന്നു. കൈക്കൂലിയും കള്ളത്തരവും അഴിമതിയും ഇന്ന് സമൂഹത്തില്‍ സര്‍വ്വസാധാരണം. മനഃസാക്ഷിയുടെ അസാന്നിദ്ധ്യവും സാഹോദര്യത്തിന്റെ അഭാവുമാണ് ഇതിനെല്ലാം കാരണം. ഈ അവസ്ഥയില്‍നിന്നും എങ്ങിനെയൊരു മോചനമുണ്ടാകും.
രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തുനാഥന്‍ മനുഷ്യന് കൊടുത്ത ഒരു ഉപദേശം ഈ അവസരത്തില്‍ എടുത്തുപറയേണ്ടതായിട്ടുണ്ട്. അത് ഇപ്രകാരമാണ് "മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്ക് ചെയ്യുവിന്‍ ഇതാണ് നിയമവും പ്രവാചക•ാരും'' ക്രിസ്തുവിന്റെ ഈ പ്രബോധനത്തെപ്പറ്റി അല്പം ഒന്ന് ധ്യാനിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഇപ്പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പ്രതിവിധിയുണ്ടാകും. നമ്മളെ മറ്റൊരുവന്‍ ചൂഷണം ചെയ്യാന്‍ നാം ഒരിക്കലും ആഗ്രഹിക്കത്തില്ല. അങ്ങനെയെങ്കില്‍ മറ്റൊരാളെ നാം എന്തിന് ചൂഷണം ചെയ്യണം? നമ്മുടെ ഓരോ പ്രവര്‍ത്തിയിലും ഈ കാര്യ നാം നമ്മുടെ മനഃസാക്ഷിയോട് ചോദിക്കണം. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടായാല്‍  മാത്രമേ സാഹോദര്യത്തെ നമ്മില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. സ്വാഭാവികമായും ആ അവസ്ഥയില്‍ സ്വാര്‍ത്ഥത നമ്മില്‍നിന്നും വിട്ടുപോകുകയും ചെയ്യും. സ്വാര്‍ത്ഥതവെടിയുമ്പോള്‍ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കുവാന്‍ കഴിയും. ലോകത്തില്‍ ഏറ്റവും വിശിഷ്ടമായത് സ്നേഹമാണ്. നാം ബൈബിളില്‍ വായിക്കുന്നത് ദൈവം സ്നേഹമാണ് എന്നാണല്ലോ. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കുന്നതുവഴി കാണപ്പെടാത്ത ദൈവത്തേയും സ്നേഹിക്കുവാന്‍ സാധിക്കുന്നു.

Comments