Articles‎ > ‎

തുല്യാവസരം – ശതാബ്ദി ചിന്തകള്‍

posted Nov 9, 2010, 10:34 AM by Saju Kannampally   [ updated Nov 9, 2010, 10:38 AM by Cijoy Parappallil ]

വിദ്യാഭ്യാസ  തൊഴില്‍ മേഖലകളില്‍ ഓരോ ഇന്‍ഡ്യന്‍ പൌരനും തുല്യാവസരം ഉറപ്പുവരുത്തുന്ന അവസര സമത്വ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുവാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്.. തുല്യാവസര കമ്മീഷന്‍ നിലവില്‍ വരുന്നതോടെ എല്ലാ മേഖലയിലും അവസര സമത്വം പ്രാവര്‍ത്തികമാകണം എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അവസര നിക്ഷേധത്തിനെതിരെ വ്യക്തികളില്‍നിന്ന് പരാതി ലഭിച്ചാലും ഇല്ലെങ്കിലും കമ്മീഷന് സ്വയം നടപടിയെടുക്കാന്‍ അധികാരമുണ്ടാകും. തുല്യാവസരമെന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നുണ്ടോയെന്ന് രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് വ്യക്തമാകുമെന്നാണ്             ഏബ്രഹാം നടുവത്ര                  ഗവണ്‍മെന്റിന്റെ പ്രതീക്ഷ..

ഈ സാഹചര്യത്തില്‍ തുല്യാവസരത്തെക്കുറിച്ചും സംവരണ വ്യവസ്ഥകളെക്കുറിച്ചും നമ്മള്‍ ഉറക്കെ ചിന്തിക്കേണ്ടത് ഈ ശതാബ്ദി കാലഘട്ടത്തില്‍ അനിവാര്യമാണ്.

സംവരണം – ചരിത്രവും പരിണിതഫലങ്ങളും
 
ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി നമ്മുടെ രാജ്യത്ത് സാമൂഹിക, സാമ്പത്തിക, പിന്നോക്കാവസ്ഥ രൂക്ഷമായി.  സ്വാതന്ത്യ്രാനന്തരം ഇതില്‍ സാവകാശം മാറ്റം വന്നുവെങ്കിലും ദാരിദ്യ്രവും ഉച്ചനീചത്വവും  പൂര്‍ണ്ണമായി തുടച്ചുനീക്കുവാനായില്ല.
മാറിമാറി ഭരിച്ച ഗവണ്‍മെന്റുകള്‍ ഭരണഘടനയുടെ പിന്‍ബലത്തില്‍ ഏര്‍പ്പെടുത്തിയ സാമുദായിക സംവരണം പോലെയുള്ള സാമൂഹിക പരിഷ്ക്കരണ മാര്‍ഗങ്ങളിലൂടെ ഇന്ന് പിന്നാക്കവിഭാഗങ്ങളിലുള്ളവര്‍ സാമൂഹികമായും സാമ്പത്തികമായും ഒരു പരിധിവരെ മുന്നിലെത്തിയിരിക്കുന്നു. പട്ടിക വിഭാഗങ്ങളില്‍പ്പെട്ട, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ ഇന്ന് മുന്നാക്കക്കാരോടൊപ്പമെത്തിയിരിക്കുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ തുടര്‍ന്നുവന്ന പ്രശംസനീയമായ നയങ്ങള്‍ വിപ്ളവകരമായ മാറ്റമാണ് കൊണ്ടുവന്നത്.

 ഈ അവസരത്തില്‍ ഇന്നത്തെ സംവരണ രീതിയുടെ പ്രസക്തിയെക്കുറിച്ച് പഠിക്കേണ്ടത് ആവശ്യമാണ്.

സംവരണ വിഭാഗങ്ങളുടെ ശരിയായ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ ഇന്നത്തെ സമീപനത്തില്‍ മാറ്റംവരണം. സംവരണ സമുദായങ്ങളിലെ കുട്ടികള്‍ ഇന്ന് പൊതു പരീക്ഷകളില്‍ ഉയര്‍ന്ന റാങ്കുകളില്‍ എത്തുന്നു. ജനറല്‍ ക്വോട്ടയില്‍ മെറിറ്റില്‍ വരുന്ന സംവരണ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.

ഇനിയും ഈ സംവരണം തുടരുന്നത് ഈ വിഭാഗങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുകയേ ഉള്ളൂ എന്ന് സമുദായ നേതാക്കളും രാഷ്ട്രീയക്കാരും തിരിച്ചറിയണം. പിന്നാക്ക ലേബല്‍ വെടിഞ്ഞ് മുഖ്യധാരയില്‍ ഈ വിഭാഗങ്ങള്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് സമുദായ നേതാക്കള്‍ ചിന്തിക്കേണ്ട സമയമായെന്ന് ഹൈക്കോടതി വരെ ചൂണ്ടിക്കാട്ടി. സംവരണം അനുഭവിച്ചുവന്നവര്‍ ഇനി മല്‍സരത്തിലൂടെ തങ്ങളുടെ മികവ് കൈവരിക്കേണ്ട കാലമായി. പ്രതിഭകളുമായി മല്‍സരിക്കാന്‍ സമുദായാംഗങ്ങളെ സജ്ജമാക്കേണ്ടത് നേതാക്കളാണ്. മല്‍സരംകൊണ്ട് ഗുണമേ ഉണ്ടാവൂ. രാജ്യത്തെ ഒന്നാം നിരക്കാരുമായി  മല്‍സരിക്കാനാകുമെന്ന് ഇവര്‍ ഉറപ്പാക്കണം. ഉന്നത ബിരുദാനന്തര തലത്തിലെങ്കിലും മെറിറ്റ് അടിസ്ഥാനത്തില്‍ മല്‍സരിച്ച് സീറ്റ് നേടണം. 

 പക്ഷേ, ഇതുവരെ സംവരണം ലഭിക്കാത്തവരുടെ സ്ഥിതിയെക്കുറിച്ച് എന്തുകൊണ്ട്   രാഷ്ട്രീയക്കാരും കോടതിയും സമുദായ നേതാക്കളും പഠിക്കുന്നില്ല? പരിഗണിക്കുന്നില്ല?

പഠനത്തിനുള്ള അഡ്മിഷനിലും ജോലിലഭ്യതയിലും ഇക്കാലമത്രെയും നമുക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ബോധ്യമില്ലാത്തതിനാലാണ് തുല്യാവസരത്തിനുവേണ്ടി നാം മുറവിളി കൂട്ടാത്തത്. അവസര സമത്വത്തിനുവേണ്ടി പോരാടിയാല്‍, സമൂഹന•യില്‍ താല്‍പര്യമില്ലാത്തവനും പിന്തിരിപ്പനുമെന്ന് മുദ്ര കുത്തപ്പെടുമോ എന്ന ഭയമുള്ളതുകൊണ്ടാണ് പലരും അതിനു വൈമുഖ്യം കാട്ടുന്നത്. അവസര നിഷേധംമൂലം ഇന്ത്യവിട്ട് മറ്റ് രാജ്യങ്ങളില്‍ ചേക്കേറുകയും അവരുടെ കഴിവുകള്‍ മറ്റു രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. മറ്റ് പലരും ഉചിതമായ തൊഴില്‍ ലഭിക്കാതെ ദരിദ്ര നാരായണന്‍മാരായി ഒതുങ്ങി കഴിയുന്നു.

ഇന്ന് എല്ലാ സംവരണ വിഭാഗങ്ങളുടെയും സാമ്പത്തികസ്ഥിതി ഏറെ മെച്ചപ്പെട്ടു. ഈ വിഭാഗങ്ങളിലെ സമ്പന്നര്‍ക്ക് വീണ്ടും വീണ്ടും ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. അതിനാല്‍ സംവരണ വ്യവസ്ഥയിലൂടെ അര്‍ഹിക്കുന്നതിലുമധികം നേട്ടമുണ്ടാക്കിയ വിഭാഗങ്ങളെ സംവരണ പരിധിയില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കണം.
 
കേന്ദ്ര സര്‍ക്കാര്‍ മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കാവസ്ഥയെക്കറിച്ച് പഠിക്കുവാന്‍ ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശ ഉടന്‍ നടപ്പിലാക്കേണ്ടതാണ്.
മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം നിയമനം ലഭിക്കുന്ന മുന്നോക്കക്കാരുടെ എണ്ണം സര്‍ക്കാര്‍ സര്‍വീസില്‍ കുറഞ്ഞു വരികയാണ്. ഓരോ വര്‍ഷവും പി.എസ്.സി. നിയമനം ലഭിക്കുന്നവരുടെ ജാതി തിരിച്ച പട്ടിക പുറത്തിറക്കണം. വിവിധ വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന പ്രാതിനിധ്യം എത്രയെന്ന് കണ്ടെത്തണം. ഓരോ സമുദായങ്ങള്‍ക്കും ലഭിച്ച നിയമനത്തിന്റെ സംഖ്യയും അവരുടെ സാമൂഹിക സാഹചര്യങ്ങളും പഠിക്കുന്നതിന് സംസ്ഥാനത്ത് സാമൂഹിക സാമ്പത്തിക സര്‍വേ നടത്തി, മതിയായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങളെ കണ്ടെത്താന്‍ കഴിയും.
 
എന്താണ് തുല്യാവസരം ?

മെച്ചപ്പെട്ട ഭരണനിര്‍വഹണത്തിന് തുല്യാവസരമെന്ന സങ്കല്‍പവും ഭരണഘടനാധിഷ്ഠിതമാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവസ്ഥ ഇന്ന് ഏറെ മെച്ചപ്പെട്ടുവെന്നതിനാല്‍ മുന്നോക്കക്കാരുടെ നിലവിലുള്ള സാഹചര്യങ്ങളും പരിഗണിക്കണം. എല്ലാത്തിനും പരിഹാരമായില്ലെങ്കിലും, വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ മുന്നോക്കക്കാര്‍ക്ക് നിക്ഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതാണ്.. ഈ ലക്ഷ്യം നേടണമെങ്കില്‍ തുല്യാവസരം എന്ന നീതി നടപ്പാക്കണം.

എല്ലാ ഭാരതീയരും ഭരണഘടന നിഷ്കര്‍ഷിക്കുന്ന അവകാശങ്ങള്‍ക്ക് അര്‍ഹരാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും അവസരം നിഷേധിക്കുന്നത് അനീതിയാണ്. സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബത്തില്‍ പിറന്നതുകൊണ്ട് സംവരണത്തിന്റെ പേരില്‍ അവകാശം നിക്ഷേധിക്കുന്നതില്‍ എന്തു ന്യായമാണുള്ളത്? ഓരോ ഇന്‍ഡ്യന്‍ പൌരനും ഭരണഘടനയില്‍ തുല്യാവകാശമാണുള്ളതെങ്കില്‍ തുല്യാവസരത്തിനും യോഗ്യതയുണ്ട്.
ജാതി മത സാമൂഹ്യ വ്യവസ്ഥിതിയുടെ പേരില്‍ ഒരു പൌരന്റെ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് മൌലികാവകാശ ലംഘനമാണ്.. സമത്വത്തെയും, സാഹോദര്യത്തേയും ലംഘിക്കുന്ന അവസ്ഥ സംജാതമായാല്‍ അതു സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും.

വര്‍ഷങ്ങളായി നിലവിലുള്ള സംവരണരീതിയുടെ ഫലമായി പിന്നാക്കക്കാരുടെ സാമുദായിക പ്രാതിനിധ്യം വളരെ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായി ഓരോ വകുപ്പും നടത്തുവാന്‍ അവരെ പ്രാപ്തരാക്കുന്നതില്‍ കാര്യമായി ആരും ശ്രദ്ധിക്കുന്നില്ല. നയ രൂപീകരണത്തിലും പ്രവര്‍ത്തനക്ഷമതയിലും ഈ ഗുണമേന്‍മ അത്യന്താപേക്ഷിതമാണ്. എന്നാല്‍ കെടുകാര്യസ്ഥതയും അഴിമതിയും ഇന്ന് അര്‍ബുദം പോലെ ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെയും ബാധിച്ചിരിക്കുന്നു. ശത്രുരാജ്യം ആക്രമിക്കുമ്പോള്‍ സംവരണ തത്വത്തിനനുസൃതമായി പട്ടാളത്തെ അണിനിരത്താന്‍ പറ്റുമോ? വിദ്യാഭ്യാസം സാര്‍വത്രികമാക്കുവാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുവാനും കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.


തുല്യാവസരം ക്നാനായ സമൂഹത്തില്‍

 ഇപ്പോഴത്തെ സംവരണ രീതിയുടെ പരിണിത ഫലമായി മുന്നോക്ക വിഭാഗങ്ങള്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയില്‍ നിലകൊള്ളുന്നു. 
എന്നാല്‍ സാമ്പത്തികശേഷിയുണ്ടെന്ന് സര്‍ക്കാര്‍ കണക്കാക്കുന്ന കുടുംബത്തിലുള്ളവരില്‍ അധികവും ഇടത്തരക്കാരാണ്. ബി.പി.എല്‍ വിഭാഗത്തില്‍ പെടാത്തതിനാല്‍ യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരുമല്ല. അതിരൂപതയിലെ മിക്ക കുടുംബങ്ങളും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരെ ഉദ്ദേശിച്ചാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ‘വിദ്യാഭ്യാസ ഫണ്ടും’ ‘എന്റെ സ്നേഹവീട്’ പദ്ധതിയുമൊക്കെ.

നിരവധി ക്നാനായക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ടെങ്കിലും അവര്‍ നമ്മുടെ ജനസംഖ്യയുടെ ഒരു ചെറിയ ശതമാനമേ വരികയുള്ളൂ. അവര്‍ നല്‍കുന്ന സഹായം ഒരു കുടുംബത്തിലെ മറ്റംഗങ്ങളെ സംരക്ഷിക്കാന്‍ പര്യാപ്തമാകുകയുമില്ല. അഭിമാനികളായതിനാല്‍ സാമ്പത്തിക പ്രതിസന്ധികളില്‍ കടം വാങ്ങാന്‍പോലും ഇവര്‍ മടിക്കുന്നു. ഇടത്തരക്കാരന്റെ മട്ടും ഭാവവുമായതിനാല്‍ ആരും സഹായഹസ്തം നീട്ടാറുമില്ല. അലക്കിത്തേച്ച ഷര്‍ട്ടും മുണ്ടും ഒരു മാലയും കഴുത്തില്‍ കാണുമ്പോള്‍, സഭയും സമുഹവും അവനെ ധനവാന്‍ എന്ന് വിധിയെഴുതും.

തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിന് അഡ്മിഷന് ചെല്ലുമ്പോഴാണ് നിലവിലുള്ള സംവരണ രീതിമൂലം പലരും പിന്‍തള്ളപ്പെട്ടു പോകുന്നതും വലിയ തുക കൊടുത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും. പല കുടുംബങ്ങളും ബാങ്കുകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയാണ് ഈ തക കണ്ടെത്തുന്നത്. ഇത്രയും ത്യാഗം സഹിച്ച് പഠിച്ചിറങ്ങുന്ന മുന്നോക്കക്കാരായ ഇവര്‍ക്ക്  സര്‍ക്കാര്‍ സര്‍വീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഒരു ജോലി ലഭിക്കുക എന്നത് ബാലികേറാമലയാണ്.
പത്ത് ഒഴിവുകളുണ്ടെങ്കില്‍ ഏതാണ്ട് ഒന്‍പതുപേരും സംവരണ വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു രീതിയാണ് ഇന്ന് നിലവിലുള്ളത്. സംവരണ സമുദായക്കാര്‍ക്ക് ഒരേ സമയം സംവരണ ക്വോട്ടയിലും ജനറല്‍ ക്വോട്ടയിലും അവസരം ലഭിക്കുന്നതിനാലാണ് ഈ സ്ഥിതിവിശേഷം സംജാതമാകുന്നത്.    

കെ.സി.ബി.സി. യുടെ ദൌത്യം

പട്ടികജാതി/പട്ടിക വര്‍ഗ, പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കുന്ന സംവരണാനുകൂല്യം അറുപതു വര്‍ഷം പിന്നിട്ടു. ഭരണഘടന നിഷ്ക്കര്‍ഷിച്ചിട്ടുള്ളത് 30 വര്‍ഷമായിരുന്നെന്ന് ഓര്‍ക്കണം. ഇവര്‍ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് മോചിതരാകുന്നതനുസരിച്ച് സംവരണം നിര്‍ത്തലാക്കണമെന്ന് ആണ് ഭരണഘടനയില്‍ വ്യവസ്ഥയുള്ളത്. ഇതിനെതിരേ ശബ്ദിക്കേണ്ടവര്‍ മൌനം പാലിക്കുന്നു. എന്‍.എസ്.എസ്. മാത്രം  സാമ്പത്തിക സംവരണമെങ്കിലും നടപ്പാക്കണം എന്ന് മുറവിളി കൂട്ടുന്നു. അതിനുവേണ്ടി കോടതികള്‍ കേറിയിറങ്ങുന്നതും അവര്‍ മാത്രമാണ്. കെ.സി.ബി.സി.യും മറ്റ് ക്രിസ്തീയ സഭകളും എന്തുകൊണ്ട് ഈ സംവരണം കൂടെക്കൂടെ നീട്ടുന്നതിനെതിരെ പ്രതികരിക്കുന്നില്ല ? നടപടികളെടുക്കുന്നില്ല.? ഇത് ക്രിസ്തീയ കുടുംബങ്ങളെയെല്ലാം ബാധിക്കുന്ന പ്രശ്നം തന്നെയല്ലേ?. സാമ്പത്തികമായും സാമൂഹ്യമായും ക്രൈസ്തവരെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുവാന്‍ ഇത് കാരണമാകുന്നില്ലേ?.തുല്യാവസരത്തേക്കുറിച്ച് കെ.സി.ബി.സി. ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.      


തിരുത്തല്‍ അനിവാര്യം

സംവരണമില്ലാത്തവര്‍ക്ക് (പണക്കാരനായാലും പാവപ്പെട്ടവനായാലും ഇടത്തരക്കാരനായാലും ഏതു സമുദായത്തില്‍ പെട്ടവനായാലും) വിദ്യ അഭ്യസിക്കാനും ജോലി ലഭിക്കാനുമുള്ള അവസരം ജാതിയുടെ പേരില്‍ നിക്ഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. കഴിവും മാര്‍ക്കും മാനദണ്ഡമായെടുത്തുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുവാനും ഗവണ്‍മെന്റിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുവാനുമുള്ള അവകാശം ഹതഭാഗ്യരായ ഈ സംവരണരഹിതര്‍ക്കുമുണ്ട്. ഭരണഘടന നിഷ്ക്കര്‍ഷിക്കുന്ന ഈ തുല്യാവകാശം ഇക്കൂട്ടര്‍ക്ക് നല്‍കാതിരിക്കുന്നത് വലിയ അനീതിയാണ്.  രാഷ്ട്രീയക്കാരും കോടതികളും സാമൂഹ്യ പരിഷ്ക്കരണത്തിന്റെ പേരു പറഞ്ഞ് മുന്നോക്ക വിഭാഗങ്ങളോട് കാട്ടുന്ന ഈ ക്രൂരത തുടര്‍ന്നാല്‍ മുന്നോക്ക വിഭാഗങ്ങളുടെ ജനകീയ പ്രക്ഷോഭങ്ങള്‍ തന്നെ ഉടലെടുത്തേക്കാം.

അതുകൊണ്ട് ഇപ്പോഴുള്ള സംവരണരീതി അവസാനിപ്പിക്കേണ്ട കാലയായിരിക്കുന്നു.
സംവരണവും മറ്റും താല്‍ക്കാലിക സംവിധാനങ്ങളാണ്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മല്‍സരം ഉണ്ടാകുന്ന തരത്തില്‍ സാമുദായിക സംവരണം കുറച്ചുകൊണ്ടുവരേണ്ട സമയം അതിക്രമിച്ചുവെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംവരണം പ്രൊമോഷനു ബാധകമാക്കരുതെന്ന് രംഗനാഥ് മിശ്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. തൊഴിലിനു സംവരണം ലഭിച്ച വ്യക്തിയുടെ അടുത്ത തലമുറയ്ക്ക് വിദ്യാഭ്യാസത്തിനു മാത്രമായി സംവരണ ആനുകൂല്യം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ നിന്നായാലും അല്ലെങ്കിലും വിദ്യ അഭ്യസിക്കുവാനും ജോലി ലഭിക്കുവാനുമുള്ള മാനദണ്ഡം, മാര്‍ക്കും കഴിവും ആയിരിക്കണം. സാമ്പത്തികശേഷിയുള്ള ഒരു കുടുംബത്തില്‍ ജനിച്ചതുകൊണ്ട ്ഒരു ഇന്‍ഡ്യന്‍ പൌരനെന്ന നിലയില്‍ അവന്റെ ഈ അവകാശം നിഷേധിക്കന്നത് നീതി ന്യായ വ്യവസ്ഥിതിക്കെതിരാണ് മുന്നോക്ക സമുദായങ്ങളോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ഒറ്റക്കെട്ടായി എല്ലാവരും രംഗത്തു വരണം.

പക്ഷെ ഈ അനീതിയെ എതിര്‍ക്കാന്‍ ആര് മുന്നിട്ടിറങ്ങും? എല്ലാവര്‍ക്കുമറിയാം ഈ യാഥാര്‍ത്ഥ്യങ്ങള്‍. വോട്ട് ബാങ്കില്‍ കണ്ണ് നട്ടിരിക്കുന്ന രാഷ്ട്രീയക്കാരോ, സമൂഹ നന്‍മ വേദവാക്യംപോലെ കൊണ്ടുനടക്കുന്ന സാമൂഹ്യപ്രവര്‍ത്തകരോ മറ്റ് സമുദായനേതാക്കളോ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ‘കൈപൊള്ളും’ എന്ന് ഭയന്ന് കണ്ണടച്ചിരിക്കുകയാണ്.

അവസര സമത്വം ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയുടേയും അടിസ്ഥാനമാണ്.്. ജാതിയോ മതമോ വര്‍ഗമോ സാമൂഹ്യാവസ്ഥയോ നോക്കാതെ കഴിവിന്റെയും മാര്‍ക്കിന്റേയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവും ജോലിയും ലഭിക്കുന്ന അവസ്ഥാവിശേഷം സംജാതമാകുവാന്‍ ഈ നാട്ടിലെ രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും സമുദായ നേതാക്കളും  സര്‍ക്കാരുകളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടസമയം അതിക്രമിച്ചിരിക്കുകയാണ്. “പിന്നാക്ക”ത്തിന്റെ പേരും പറഞ്ഞ് സങ്കുചിത മനസ്ഥിതി വളര്‍ത്തി ഭാരത ജനതയെ ഭിന്നിപ്പിക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരായ നേതാക്കന്‍മാര്‍ കുറച്ചുകൂടി വിവേകം കാണിക്കണം. നീതിബോധം പുലര്‍ത്തണം.

 കോട്ടയം അതിരൂപതയുടെ നുറ് വര്‍ഷത്തിനിടയില്‍ സമുദായത്തിന് നഷ്ടപ്പെട്ട അവസരങ്ങള്‍ നമ്മള്‍ തിരിച്ചറിയണം. ആയതിനാല്‍ തുല്യാവസരം എന്ന സാമൂഹ്യനീതി നമ്മുടെ ശതാബ്ദി ചിന്തകളില്‍ ഉയര്‍ന്നു വരണം.

 

 

Comments