Archival News - India
കെ.സി.വൈ.എല്‍. ചെന്നൈ റീജിയന് പുതിയ ഭാരവാഹികള്‍
ചെന്നൈ: കെ.സി.വൈ.എല്‍. ചെന്നൈ റീജിയന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്റ് തോമസ് മൗണ്ടിലെ മൗണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ കൂടിയ ക്‌നാനായ സംഗമത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സാം മാത്യു വെട്ടുകല്ലേല്‍ (ഉഴവൂര്‍) - പ്രസിഡന്റ്, മാത്യു ഫിലിപ്പ് (കിടങ്ങൂര്‍) - സെക്രട്ടറി, ചാള്‍സ് ബേബി (മടമ്പം) - ട്രഷറര്‍, ഫെബിന്‍ കുര്യന്‍ ഫ്രാന്‍സീസ്, ഇടാട്ടുകുന്നേല്‍ ചാലില്‍ (ഉഴവൂര്‍) - വൈസ് പ്രസിഡന്റ്, വിനീത അന്ന തോമസ് (കോതനല്ലൂര്‍) - ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഭാരവാഹികള്‍. റീജണല്‍ ഡയറക്‌ടര്‍ സൈമണ്‍ മല്‍പ്പാങ്കല്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. |
ഏഷ്യാനെറ്റിന്റെ കൃഷിദീപം പരിപാടിയില്‍ അമേരിക്കന്‍ മലയാളിയുടെ കൃഷിപാഠം
കാര്‍ഷിക കേരളത്തിന്റെ വയലേലകളില്‍ ഒരു പ്രവാസിയുടെ പ്രയത്നഭരിതമായ കയ്യൊപ്പ്. പാറയില്‍ മുന്തിരി വിളയിക്കുന്ന മധ്യതിരുവിതാംകൂറിന്റെ കാര്‍ഷിക ചരിത്രത്തില്‍ ഒരു മറുനാടന്‍ മലയാളി എഴുതിചേര്‍ക്കുന്ന പുതിയ കൃഷിപാഠം. തരിശു നിലങ്ങളില്‍ വീണ്ടും വിതയ്ക്കാന്‍ കേരള കര്‍ഷകന് വഴികാട്ടിയായകുന്നു ജോയ് ചെമ്മാച്ചേല്‍. ഓരോ ശ്വാസത്തിലും പുന്നെല്ലിന്റെ സുഗന്ധമുള്ള ജോയ് ചെമ്മാച്ചേല്‍ എന്ന മധ്യതിരുവിതാംകൂറുകാരന്‍ മലയാള നാടിന് കണിവെച്ച നൂറുമേനിയുടെ കഥ, മലയാള മണ്ണില്‍ പൊന്നുവിളയിക്കുന്ന ഹരിതസുന്ദരമായ, സസ്യലതാദികളും പക്ഷിമൃഗാദികളും നിറഞ്ഞ J Yes Farm ന്റെ കഥ, ഏഷ്യാനെറ്റില്‍ കൃഷി ദീപം പരിപാടിയില്‍. ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കും, 23 ശനിയാഴ്ച രാവിലെ 8 മണിക്ക് പുനസംപ്രേഷണവും ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ 25 -ാം തീയതി തിങ്കളാവ്ച വൈകുന്നേരം 5.30 നും സംപ്രേഷണം ചെയ്യും. |
ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന ഞായര്‍
ഷിക്കാഗോ : ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. നോമ്പ്, ഉപവാസം, പ്രാര്‍ഥന എന്നിവ വഴി ആന്തരികമായി ഒരുങ്ങിയ വിശ്വാസികള്‍ ഇന്ന് വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കും.ജറുസലം ദേവാലയത്തിലേക്കുള്ള യേശുക്രിസ്തുവിന്റെ രാജകീയ പ്രവേശനമാണ് ഇന്ന് ക്രൈസ്തവ ലോകം ആഘോഷിക്കുന്നത്. കഴുതയുടെ പുറത്ത് കയറി എത്തിയ യേശുവിനെ ഒലിവ് ഇലകള്‍ വീശിയാണ് വരവേറ്റത്. ഇതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ കുരുത്തോലകള്‍ വിതരണം ചെയ്യും. |
കെ.സി.സി.എന്‍.എ.പ്രസിഡന്റ് ഷീന്‍സ് ആകശാലയ്ക്ക് കോട്ടയത്ത് സ്വീകരണം
കോട്ടയം: വടക്കേ അമേരിക്കയിലെ ക്നാനായ ദേശീയ സംഘടനയായ കെ.സി.സി.എന്‍.എ.യുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷീന്‍സ് ആകശാലയ്ക്ക് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും, ക്നാനായ സമുദായ നേതാക്കളും ഒത്തൊരുമിച്ച് ഹൃദ്യമായ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളി ആയിരുന്നു. കെ.സി.സി.എന്‍.എ.യുടെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളായ തോമസ് മുളയ്ക്കല്‍ സ്വാഗതപ്രസംഗത്തില്‍ ഷീന്‍സിന്റെ പുതിയ സ്ഥാനലബ്ദിയില്‍ കൂടുതല്‍ ആഹ്ളാദിക്കുന്നത് വടക്കേ അമേരിക്കയിലെ ക്നാനായ യുവജനങ്ങളാണെന്നും അവര്‍ക്ക് അര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും നല്‍കുമെന്നുള്ള പ്രതീക്ഷ ഉണ്ടെന്നും പറഞ്ഞു. 2003-2005 കാലയളവില്‍ കെ.സി.സി.എന്‍.എ.യുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ഷീന്‍സ് ആകശാലയുടെ ചിട്ടയായ പ്രവര്‍ത്തനശൈലിയും നവീന ആശയങ്ങളും എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു എന്ന് മുളയ്ക്കല്‍ പറഞ്ഞു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സും കെ.സി.സി.എന്‍.എ.യും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രൊഫ. ജോയി മുപ്രാപ്പള്ളി വിശദീകരിച്ച് സംസാരിച്ചു. സ്വവംശ പരമ്പരയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുമയിലും, ക്രൈസ്തവ വിശ്വാസത്തിലും, ഉറച്ചു വിശ്വസിക്കുന്ന ഒരു സമൂഹമായി മുന്നേറണം ക്നാനായക്കാര്‍ എന്ന് മുപ്രാപ്പള്ളി കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.എല്‍.എ., പ്രൊഫ. മാത്യു പ്രാല്‍, പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, ഡോ. അലക്സാണ്ടര്‍ മാപ്ളട്ട്, ഫിലിപ്പ് വാരിക്കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഡോ. ഷീന്‍സ് ആകശാല ക്നാനായ സമുദായത്തിന്റെ വിവിധ പ്രശ്നങ്ങളെപ്പറ്റി വിശദമായി സംസാരിക്കുകയും തന്നില്‍ അര്‍പ്പിച്ച ചുമതല ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുമെന്നും പറഞ്ഞുകൊണ്ട് എല്ലാവരുടെയും സ്നേഹബഹുമാനാദികള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങളായ ജെയിംസ് തെക്കനാട്ട്, ഷൈജി ഓട്ടപ്പള്ളി, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, സൈമണ്‍ ആറുപറയില്‍, തോമസുകുട്ടി മുളയ്ക്കല്‍, തോമസ് പീടികയില്‍, പി.റ്റി. ജോസഫ് പുറത്തേല്‍, ടോമി കൊച്ചാനയില്‍, ജോണി പാലച്ചേരില്‍, ബിനോയി ഇടയാടിയില്‍, സാബു കൂവക്കാട്ടില്‍, ജോണി ആക്കാപ്പറമ്പില്‍, പീറ്റര്‍ കട്ടണശ്ശേരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം.സി. ചാക്കോ മണ്ണാറക്കാട്ടില്‍ നന്ദി പ്രകാശിപ്പിച്ചു. റിപ്പോര്‍ട്ട്: ജോസ് കണിയാലി |
ശതാബ്ദി ഫ്രാന്‍സിസ്കന്‍ അത്മായ സംഗമം ഇന്ന് ഉഴവൂരില്‍ നടക്കും
ഉഴവൂര്‍: കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച് അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്കന്‍ അത്മായ സംഗമം ഇന്ന് (16-4-2011) ശനിയാഴ്ച ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ നടക്കും. രാവിലെ 10 ന് സിസ്റ്റര്‍ പ്രൊഫ എലിസേവൂസ് സെമിനാര്‍ നയിക്കും. 11.45 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ സമൂഹബലി. 2.00 മണിക്ക് സമ്മേളനം. 4.00 ന് സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയിലേയ്ക്ക് സെന്റ് ഫ്രാന്‍സിസ് ആശ്രമ ദേവാലയത്തിലേയ്ക്ക് സമാധാന റാലി. ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. |
ഫാ. ജേക്കബ് ചരളേലിന് ഡോക്ടറേറ്റ് ലഭിച്ചു
ഫാ. ജേക്കബ് ചരളേലിന് പാശ്ചാത്യ സഭാനിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. റോമിലെ പെന്തിഫിക്കല്‍ ഉര്‍ബ്ബാനിയാന യൂണിവേഴ്സിറ്റിയില്‍നിന്നും "The Right of Defence in the Process for Declaraing Marriage nullity" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. നാഗാലാന്റിലെ കൊഹിമ രൂപതയില്‍ സേവനം ചെയ്യുന്ന റവ. ഫാ. ജേക്കബ് ചരളേല്‍ ഞീഴൂര്‍ ഇടവക ചരളേല്‍ പരേതനായ തോമസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. |
തനിമയും ഒരുമയും വിശ്വാസ നിറവും വിളിച്ചോതിയ മിഷന്‍ സംഗമം
തൊടുപുഴ: കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച് ചുങ്കം ഫൊറോനയിലെ 9 ദേവാലയങ്ങളും സംയുക്തമായി ആതിഥേയത്വം നല്‍കിയ മിഷന്‍ സംഗമം പുത്തന്‍ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ക്നാനായക്കാരുടെ സ്നേഹവും ഒരുമയും ബന്ധങ്ങളിലെ വൈകാരികതയും എല്ലാം പ്രതിഫലിക്കുന്ന ഒരു ആഘോഷമായിരുന്നു തൊടുപുഴ ചുങ്കത്ത് നടന്ന മിഷന്‍ സംഗമം. ശ്രവണസുന്ദരമായ മേളങ്ങള്‍ക്കൊണ്ടും വര്‍ണ്ണശബളതകൊണ്ടും മിഷന്‍ റാലി ചരിത്രതാളുകളില്‍ ഇടംതേടുന്നതായിരുന്നു.
''തനിമയില്‍ ഒരുമയില്‍, വിശ്വാസ നിറവില്‍'' എന്ന മുദ്രവാക്യം ഉയര്‍ത്തി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നൊഴുകിയെത്തിയവര്‍ വര്‍ണാഭമായ ദൃശ്യവിരുന്നാണു നഗരവാസികള്‍ക്കു നല്‍കിയത്. വര്‍ണശബളമായ റാലി തൊടുപുഴ ജയ്റാണി ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുഞ്ഞേട്ടന്‍ നഗറില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെയാണ് തുടങ്ങിയത്.
റാലിയുടെ ഏറ്റവും മുന്നിലായി എ.ഡി.345ല്‍ ക്നാനായി തൊമ്മന്റെയും ഉറഹായില്‍ മാര്‍ യൌസേപ്പ് മെത്രാന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടത്തിയ സാഹസിക പ്രേഷിതയാത്രയെ സൂചിപ്പിക്കുന്ന ദൃശ്യം നീങ്ങി. ഇതിനു പിന്നിലായി മിഷന്‍ലീഗ് അതിരൂപത ഭാരവാഹികള്‍, അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസഫ് ഈഴാറാത്ത് എന്നിവര്‍ നീങ്ങി. ഇതിനു തൊട്ടുപിന്നിലായി ഉഴവൂര്‍ ശാഖയില്‍നിന്നുള്ളവരാണ് അണിനിരന്നത്. ഏറ്റവും പിന്നില്‍ ആതിഥേയ ഇടവകയായിരുന്ന ചുങ്കം ഫൊറോനയും.
നോമ്പുകാലത്തെ ആത്മീയത പ്രോജ്വലിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും ദൃശ്യങ്ങളും വിശ്വാസസമൂഹത്തിനു നിറവേകി.
തലപ്പാവ് ധരിച്ച പുരുഷന്മാരും ചട്ടയും മുണ്ടും കുണുക്കുമണിഞ്ഞ സ്‌ത്രീകളും സമുദായ പാരമ്പര്യത്തിന്റെ പ്രതീകമായി. മാര്‍ഗംകളി, ചെണ്ടമേളം, സൈക്കിള്‍റാലി, വനിതകളുടെ ശിങ്കാരിമേളം എന്നിവ പകിട്ടേകി. ചരിത്ര ഫ്‌ളോട്ടുകളും നിശ്‌ചലദൃശ്യങ്ങളും ചിട്ടയായി നടത്തിയ റാലിക്കു മാറ്റുകൂട്ടി. കേരളത്തനിമയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ച ദൃശ്യങ്ങളും ശ്രദ്ധേയമായി. വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ മദര്‍ തെരേസ തുടങ്ങിയവരുടെ വേഷം ധരിച്ച നിരവധി കുട്ടികളും അണിനിരന്നു. പാളത്തൊപ്പി ധരിച്ച പുരുഷന്മാരും ഞാറു നടുന്ന പെണ്‍കൂട്ടവും വര്‍ണങ്ങള്‍ വാരിവിതറിയ ഡിസ്‌പ്ലേകളും മനംകവരുന്നവയായിരുന്നു. വിഭിന്ന കലാരൂപങ്ങളും റാലി മേടിയാക്കി.
കുരിശേന്തുന്ന യേശുവിനെ ചാട്ടവാര്‍ കൊണ്ടു റോമന്‍ പടയാളികള്‍ അടിക്കുന്ന ഒട്ടേറെ നിശ്‌ചല ദൃശ്യങ്ങളുണ്ടായിരുന്നു.ആതിഥേയരായ ചുങ്കം ഇടവക ക്‌നായി കുടിയേറ്റം ചിത്രീകരിക്കുന്ന ദൃശ്യം വഞ്ചിയുടെ പശ്‌ചത്തലത്തില്‍ അവതരിപ്പിച്ചു. മുന്‍നിര സമ്മേളനനഗരിയില്‍ എത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പിന്‍നിര എത്തിച്ചേര്‍ന്നത്. സന്യസ്‌ഥരും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ റാലിയില്‍ കണ്ണികളായി രാവിലെ 10 മണിക്കുള്ള പതാകവന്ദനത്തോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. അതിനുശേഷം വി. കുര്‍ബാനയും കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ സന്ദേശവും ഉണ്ടായിരുന്നു. തുടര്‍ന്ന് എടത്വ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി. സി. അനിയന്‍കുഞ്ഞ് മാതാപിതാക്കള്‍ക്ക് ക്ളാസ്സെടുത്തു. ഉച്ചയ്ക്ക് ശേഷം തൊടുപുഴ ജയറാണി സ്കൂള്‍ ഗ്രൌണ്ടില്‍നിന്നും വര്‍ണ്ണാഭമായ റാലിയും അതിനുശേഷം പള്ളിയങ്കണത്തില്‍ പൊതുസമ്മേളനവും നടന്നു. യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ശതാബ്ദിയോടനുബന്ധിച്ചു നടന്ന മിഷന്‍ സംഗമം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു. മൂല്യങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നാം തയാറാകണമെന്നും കുഞ്ഞുമിഷനറിമാര്‍ ഇതിനു ഉത്തമദൃഷ്ടാന്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ലോകം നിരവധി ഭീഷണികളിലൂടെയാണു കടന്നുപോകുന്നത്. മനുഷ്യജീവനു വില കല്പിക്കപ്പെടുന്നില്ല. സമൂഹത്തിനും സമുദായത്തിനും സാക്ഷ്യം നല്കുന്ന ജീവിതയാത്രയായി നമ്മുടെ ജീവിതം മാറണമെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. യോഗത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഭാവി തലമുറയെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും ഏറെ ശ്രദ്ധ ചെലുത്തണമെന്ന് മാര്‍ മൂലക്കാട്ട് ആഹ്വാനംചെയ്തു. ലോകം മുഴുവന്‍ സുവിശേഷം അറിയിക്കുകയെന്ന ദൈവവചനം ഉള്‍ക്കൊണ്ട് ജീവിക്കണമെന്നും അതിനുള്ള പ്രചോദനമാണു മിഷന്‍ സംഗമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, പി.ടി. തോമസ് എംപി, പി.ജെ. ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ ടി.ജെ. ജോസഫ്, മിഷന്‍ലീഗ് കോട്ടയം അതിരൂപത പ്രസിഡന്റ് ജെയിംസ് കൊച്ചുപറമ്പില്‍, ചുങ്കം ഫൊറോന പ്രസിഡന്റ് റോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസഫ് ഈഴാറാത്ത് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജില്‍മോന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു. |
പ്രവചിക്കാന്‍ ആകാതെ കടുത്തുരുത്തിയും ഏറ്റുമാനൂരും പിന്നെ കോട്ടയവും
ഓരോ മുന്നണിയുടെയും ഉറപ്പുള്ള സീറ്റുകളല്ല, ആടി നില്‍ക്കുന്ന സീറ്റുകളാണ് ഒരു തിരഞ്ഞെടുപ്പില്‍ ഫലം നിര്‍ണ്ണയിക്കുക. ഇരുകൂട്ടര്‍ക്കും വിജയസാദ്ധ്യതയുള്ള ഈ മണ്ഡലങ്ങളില്‍ ഓരോ വോട്ടിനുവേണ്ടിയും ഇഞ്ചോടിച്ച് പോരാട്ടം നടക്കും. ഇത്തവണ അങ്ങനെ ഫലം തീര്‍ത്തും പ്രവചിക്കാന്‍ കഴിയാതെ സംസ്ഥാനത്ത് തീപ്പൊരി പോരാട്ടം നടക്കുന്ന 36 മണ്ഡലങ്ങളാണുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 140 സീറ്റില്‍ 25 ശതമാനം വരും. സംസ്ഥാനത്ത് അവയില്‍ കോട്ടയം ജില്ലയില്‍നിന്നും തന്നെ മൂന്ന് മണ്ഡലങ്ങള്‍ കോട്ടയം: സിറ്റിംഗ് എം. എല്‍. എ. വി. എന്‍. വാസവനാണ് സി. പി. എമ്മിന്റെ സ്ഥാനാര്‍ത്ഥി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസില്‍ നിന്ന് രംഗത്ത്. ജനസമ്മതിയുള്ള ഇരുവര്‍ തമ്മിലുള്ള വാശിയേറിയ മത്സരം കടുത്തുരുത്തി : കടുത്തുരുത്തിയില്‍ മുന്‍ മന്ത്രി മോന്‍സ് ജോസഫിന് കേരള കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് ഇടതുക്യാമ്പിലെത്തിയ സ്റ്റീഫന്‍ ജോര്‍ജ്ജിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. പോരാട്ടം കടുത്ത വാശിയിലാണ്. ഏറ്റുമാനൂര്‍ : നാലുതവണ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ച കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടനെതിരെ സി. പി. എം. മുന്‍ എം. പി. സുരേഷ് കുറുപ്പിനെ നിയോഗിച്ചതോടെ പോരാട്ടം കടുത്തു. ഈ മൂന്നു മണ്ഡലങ്ങളിലും പ്രചരണത്തിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഒപ്പത്തിനൊപ്പം വോട്ടെടുപ്പിന് മുന്‍പ് നടക്കാന്‍ പോകുന്ന അടിയൊഴുക്കുകള്‍ അനുസരിച്ചായിരിക്കും വിജയം നിശ്ചയിക്കു. |
കെ.സി.ഡബ്ലു.എ ഏകദിന ധ്യാനം നടത്തി
കോതനല്ലൂര്‍: കെ.സി.ഡബ്ല്യൂ.എ അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോതനല്ലൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍വച്ച് ഏകദിനധ്യാനം നടത്തി. ഫാ. ലൂയീസ് വെള്ളാനിക്കല്‍ ധ്യാനം നയിച്ചു. കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനുതകുന്ന വിഷയങ്ങളെ പ്രതിപാദിച്ച് അദ്ദേഹം സംസാരിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 250 അംഗങ്ങള്‍ പങ്കെടുത്തു. ജപമാലയോടുകൂടി ആരംഭിച്ച ശുശ്രൂഷകളുടെ ഉദ്‌ഘാടനം തുവാനിസ ഡയറക്‌ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ നിര്‍വഹിച്ചു. അതിരൂപതാ പ്രസിഡന്റ് പ്രൊഫ. ആലി ജോര്‍ജ് മണിമല സ്വഗതവും, സെക്രട്ടറി സുനി പോള്‍സണ്‍ മാക്കീല്‍ നന്ദിയും പറഞ്ഞു. കടുത്തുരുത്തി ഫൊറോനായിലെ കെ.സി.ഡബ്ല്യൂ.എ അംഗങ്ങള്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. |
മിഷന്‍ സംഗമത്തിന് ആവേശമായി വിളംബര ബൈക്ക് റാലി
തൊടുപുഴ: കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 14 ന് ചുങ്കം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മിഷന്‍ സംഗമത്തിന് മുന്നോടിയായി കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ വിളംബര ബൈക്ക് റാലി നടത്തി. മാറികയില്‍ നടന്ന ചടങ്ങില്‍ കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് ഷിനോ കുന്നപ്പള്ളിക്ക് ഫ്‌ളാഗ് കൈമാറി, ഫാ. ബിജു. മാളിയേക്കല്‍ റാലി ഉദ്‌ഘാടനം ചെയ്‌തു. ഫൊറോനയിലെ എല്ലാ ഇടവകയിലും സന്ദര്‍ശനം നടത്തിയ റാലിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. 75 ഇരുചക്രവാഹനങ്ങളിലായി 150 യുവജനങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു. മണക്കാട്ടായിരുന്നു സമാപനം. ദിവ്യബലിയും ഉച്ചഭക്ഷണവും അവിടെ ഒരുക്കിയിരുന്നു.
ഷിനോ കുന്നപ്പള്ളില്‍ |
1-10 of 1568