കെ.സി.സി.എന്‍.എ.പ്രസിഡന്റ് ഷീന്‍സ് ആകശാലയ്ക്ക് കോട്ടയത്ത് സ്വീകരണം

posted Apr 16, 2011, 8:33 AM by Saju Kannampally   [ updated Apr 16, 2011, 8:37 AM ]

കോട്ടയം: വടക്കേ അമേരിക്കയിലെ ക്നാനായ ദേശീയ സംഘടനയായ കെ.സി.സി.എന്‍.എ.യുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷീന്‍സ് ആകശാലയ്ക്ക് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും, ക്നാനായ സമുദായ നേതാക്കളും ഒത്തൊരുമിച്ച് ഹൃദ്യമായ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തിന്റെ  അദ്ധ്യക്ഷന്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളി ആയിരുന്നു.

    കെ.സി.സി.എന്‍.എ.യുടെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളായ തോമസ് മുളയ്ക്കല്‍ സ്വാഗതപ്രസംഗത്തില്‍ ഷീന്‍സിന്റെ പുതിയ സ്ഥാനലബ്ദിയില്‍ കൂടുതല്‍ ആഹ്ളാദിക്കുന്നത് വടക്കേ അമേരിക്കയിലെ  ക്നാനായ യുവജനങ്ങളാണെന്നും അവര്‍ക്ക് അര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും നല്‍കുമെന്നുള്ള പ്രതീക്ഷ ഉണ്ടെന്നും പറഞ്ഞു. 2003-2005 കാലയളവില്‍ കെ.സി.സി.എന്‍.എ.യുടെ  ജനറല്‍ സെക്രട്ടറി ആയിരുന്ന ഷീന്‍സ് ആകശാലയുടെ ചിട്ടയായ പ്രവര്‍ത്തനശൈലിയും നവീന ആശയങ്ങളും എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു എന്ന് മുളയ്ക്കല്‍ പറഞ്ഞു.
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സും കെ.സി.സി.എന്‍.എ.യും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രൊഫ. ജോയി മുപ്രാപ്പള്ളി വിശദീകരിച്ച് സംസാരിച്ചു. സ്വവംശ പരമ്പരയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുമയിലും, ക്രൈസ്തവ  വിശ്വാസത്തിലും, ഉറച്ചു വിശ്വസിക്കുന്ന ഒരു സമൂഹമായി മുന്നേറണം ക്നാനായക്കാര്‍ എന്ന് മുപ്രാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

  തോമസ് ചാഴികാടന്‍ എം.എല്‍.എ., പ്രൊഫ. മാത്യു പ്രാല്‍, പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, ഡോ. അലക്സാണ്ടര്‍ മാപ്ളട്ട്, ഫിലിപ്പ് വാരിക്കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഡോ. ഷീന്‍സ് ആകശാല ക്നാനായ സമുദായത്തിന്റെ വിവിധ പ്രശ്നങ്ങളെപ്പറ്റി വിശദമായി സംസാരിക്കുകയും തന്നില്‍ അര്‍പ്പിച്ച ചുമതല ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുമെന്നും പറഞ്ഞുകൊണ്ട് എല്ലാവരുടെയും സ്നേഹബഹുമാനാദികള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങളായ ജെയിംസ് തെക്കനാട്ട്, ഷൈജി ഓട്ടപ്പള്ളി, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, സൈമണ്‍ ആറുപറയില്‍, തോമസുകുട്ടി മുളയ്ക്കല്‍, തോമസ് പീടികയില്‍, പി.റ്റി. ജോസഫ് പുറത്തേല്‍, ടോമി കൊച്ചാനയില്‍, ജോണി പാലച്ചേരില്‍, ബിനോയി ഇടയാടിയില്‍, സാബു കൂവക്കാട്ടില്‍, ജോണി ആക്കാപ്പറമ്പില്‍, പീറ്റര്‍ കട്ടണശ്ശേരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം.സി. ചാക്കോ മണ്ണാറക്കാട്ടില്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കണിയാലി
Comments