തനിമയും ഒരുമയും വിശ്വാസ നിറവും വിളിച്ചോതിയ മിഷന്‍ സംഗമം

posted Apr 14, 2011, 4:48 AM by Knanaya Voice   [ updated Apr 15, 2011, 9:55 AM by Saju Kannampally ]
തൊടുപുഴ: കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച് ചുങ്കം ഫൊറോനയിലെ 9 ദേവാലയങ്ങളും സംയുക്തമായി ആതിഥേയത്വം നല്‍കിയ മിഷന്‍ സംഗമം പുത്തന്‍ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ക്നാനായക്കാരുടെ സ്നേഹവും ഒരുമയും ബന്ധങ്ങളിലെ വൈകാരികതയും എല്ലാം പ്രതിഫലിക്കുന്ന ഒരു ആഘോഷമായിരുന്നു തൊടുപുഴ ചുങ്കത്ത് നടന്ന മിഷന്‍ സംഗമം. ശ്രവണസുന്ദരമായ മേളങ്ങള്‍ക്കൊണ്ടും വര്‍ണ്ണശബളതകൊണ്ടും മിഷന്‍ റാലി ചരിത്രതാളുകളില്‍ ഇടംതേടുന്നതായിരുന്നു.
 
''തനിമയില്‍ ഒരുമയില്‍, വിശ്വാസ നിറവില്‍'' എന്ന മുദ്രവാക്യം ഉയര്‍ത്തി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നൊഴുകിയെത്തിയവര്‍ വര്‍ണാഭമായ ദൃശ്യവിരുന്നാണു നഗരവാസികള്‍ക്കു നല്‍കിയത്‌. വര്‍ണശബളമായ റാലി തൊടുപുഴ ജയ്റാണി ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുഞ്ഞേട്ടന്‍ നഗറില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെയാണ് തുടങ്ങിയത്.
 
റാലിയുടെ ഏറ്റവും മുന്നിലായി എ.ഡി.345ല്‍ ക്നാനായി തൊമ്മന്റെയും ഉറഹായില്‍ മാര്‍ യൌസേപ്പ് മെത്രാന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടത്തിയ സാഹസിക പ്രേഷിതയാത്രയെ സൂചിപ്പിക്കുന്ന ദൃശ്യം നീങ്ങി. ഇതിനു പിന്നിലായി മിഷന്‍ലീഗ് അതിരൂപത ഭാരവാഹികള്‍, അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസഫ് ഈഴാറാത്ത് എന്നിവര്‍ നീങ്ങി. ഇതിനു തൊട്ടുപിന്നിലായി ഉഴവൂര്‍ ശാഖയില്‍നിന്നുള്ളവരാണ് അണിനിരന്നത്. ഏറ്റവും പിന്നില്‍ ആതിഥേയ ഇടവകയായിരുന്ന ചുങ്കം ഫൊറോനയും.
നോമ്പുകാലത്തെ ആത്മീയത പ്രോജ്വലിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും ദൃശ്യങ്ങളും വിശ്വാസസമൂഹത്തിനു നിറവേകി.
തലപ്പാവ്‌ ധരിച്ച പുരുഷന്മാരും ചട്ടയും മുണ്ടും കുണുക്കുമണിഞ്ഞ സ്‌ത്രീകളും സമുദായ പാരമ്പര്യത്തിന്റെ പ്രതീകമായി. മാര്‍ഗംകളി, ചെണ്ടമേളം, സൈക്കിള്‍റാലി, വനിതകളുടെ ശിങ്കാരിമേളം എന്നിവ പകിട്ടേകി. ചരിത്ര ഫ്‌ളോട്ടുകളും നിശ്‌ചലദൃശ്യങ്ങളും ചിട്ടയായി നടത്തിയ റാലിക്കു മാറ്റുകൂട്ടി. കേരളത്തനിമയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ച ദൃശ്യങ്ങളും ശ്രദ്ധേയമായി. വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ മദര്‍ തെരേസ തുടങ്ങിയവരുടെ വേഷം ധരിച്ച നിരവധി കുട്ടികളും അണിനിരന്നു. പാളത്തൊപ്പി ധരിച്ച പുരുഷന്മാരും ഞാറു നടുന്ന പെണ്‍കൂട്ടവും വര്‍ണങ്ങള്‍ വാരിവിതറിയ ഡിസ്‌പ്ലേകളും മനംകവരുന്നവയായിരുന്നു. വിഭിന്ന കലാരൂപങ്ങളും റാലി മേടിയാക്കി.
കുരിശേന്തുന്ന യേശുവിനെ ചാട്ടവാര്‍ കൊണ്ടു റോമന്‍ പടയാളികള്‍ അടിക്കുന്ന ഒട്ടേറെ നിശ്‌ചല ദൃശ്യങ്ങളുണ്ടായിരുന്നു.ആതിഥേയരായ ചുങ്കം ഇടവക ക്‌നായി കുടിയേറ്റം ചിത്രീകരിക്കുന്ന ദൃശ്യം വഞ്ചിയുടെ പശ്‌ചത്തലത്തില്‍ അവതരിപ്പിച്ചു. മുന്‍നിര സമ്മേളനനഗരിയില്‍ എത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്‌ പിന്‍നിര എത്തിച്ചേര്‍ന്നത്‌. സന്യസ്‌ഥരും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ റാലിയില്‍ കണ്ണികളായി
 
രാവിലെ 10 മണിക്കുള്ള പതാകവന്ദനത്തോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. അതിനുശേഷം വി. കുര്‍ബാനയും കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ സന്ദേശവും ഉണ്ടായിരുന്നു. തുടര്‍ന്ന് എടത്വ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി. സി. അനിയന്‍കുഞ്ഞ് മാതാപിതാക്കള്‍ക്ക് ക്ളാസ്സെടുത്തു. ഉച്ചയ്ക്ക് ശേഷം തൊടുപുഴ ജയറാണി സ്കൂള്‍ ഗ്രൌണ്ടില്‍നിന്നും വര്‍ണ്ണാഭമായ റാലിയും അതിനുശേഷം പള്ളിയങ്കണത്തില്‍ പൊതുസമ്മേളനവും നടന്നു. യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

അതിരൂപത ശതാബ്ദിയോടനുബന്ധിച്ചു നടന്ന മിഷന്‍ സംഗമം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു. മൂല്യങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നാം തയാറാകണമെന്നും കുഞ്ഞുമിഷനറിമാര്‍ ഇതിനു ഉത്തമദൃഷ്ടാന്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ലോകം നിരവധി ഭീഷണികളിലൂടെയാണു കടന്നുപോകുന്നത്. മനുഷ്യജീവനു വില കല്പിക്കപ്പെടുന്നില്ല. സമൂഹത്തിനും സമുദായത്തിനും സാക്ഷ്യം നല്കുന്ന ജീവിതയാത്രയായി നമ്മുടെ ജീവിതം മാറണമെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. യോഗത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഭാവി തലമുറയെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും ഏറെ ശ്രദ്ധ ചെലുത്തണമെന്ന് മാര്‍ മൂലക്കാട്ട് ആഹ്വാനംചെയ്തു. ലോകം മുഴുവന്‍ സുവിശേഷം അറിയിക്കുകയെന്ന ദൈവവചനം ഉള്‍ക്കൊണ്ട് ജീവിക്കണമെന്നും അതിനുള്ള പ്രചോദനമാണു മിഷന്‍ സംഗമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, പി.ടി. തോമസ് എംപി, പി.ജെ. ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ ടി.ജെ. ജോസഫ്, മിഷന്‍ലീഗ് കോട്ടയം അതിരൂപത പ്രസിഡന്റ് ജെയിംസ് കൊച്ചുപറമ്പില്‍, ചുങ്കം ഫൊറോന പ്രസിഡന്റ് റോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസഫ് ഈഴാറാത്ത് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജില്‍മോന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു.
Comments