ബാസില്‍ഡണ്‍ ആന്റ് സൌത്തന്റ് യൂണിറ്റിന്റെ ഏഴാമത് വാര്‍ഷികം ആഘോഷിച്ചു

posted Oct 30, 2012, 4:09 AM by Knanaya Voice
തനിമയും ഒരുമയും വിളച്ചോതി യുകെകെസിഎയുടെ പ്രമുഖ യൂണിറ്റുകളില്‍ ഒന്നായ ബാസില്‍ഡണ്‍ ആന്റ് സൌത്തന്റ് യൂണിറ്റിന്റെ ഏഴാമത് വാര്‍ഷികം ശനിയാഴ്ച്ച ആഘോഷിച്ചു. ബാസില്‍ഡണിലെ ജയിംസ് ഹോണ്‍ബി സ്കൂളില്‍ വച്ച് ഫാ: ജോസഫിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ആഘോഷങ്ങള്‍.

വംശത്തില്‍ യഹൂദരേയും ആരാധനയില്‍ പൌരസ്ത്യരേയും സംസ്കാരത്തില്‍ ഭാരത സംസ്കാരത്തെയും സമന്വയിപ്പിക്കുന്ന വിശ്വാസ സംസ്കാരത്തിന്റെ ഉടമകള്‍ ആണ് ക്നാനായ സമുദായമെന്ന് യുകെകെസിഎ പ്രസിഡന്റ് ലേവി പടപ്പുരയ്ക്കല്‍ പ്രസ്താവിച്ചു. ബാസില്‍ഡണ്‍ ആന്റ് സൌത്തന്റ് യൂണിറ്റിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യം എന്നത് അര്‍ത്ഥമാക്കുന്നത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് നയിക്കുന്ന പരസ്പര പ്രോത്സാഹനവും അംഗീകാരവും ആണെന്ന വസ്തുത പുതിയ തലമുറയെ ബോധ്യപ്പെടുത്തുവാന്‍ മാതാപിതാക്കള്‍ക്ക് കടമയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിറ്റ് പ്രസിഡന്റ് സൈമണ്‍ തച്ചേരില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ക്നാനായ സമുദായത്തിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തര്‍ക്കിക്കാനാവില്ലെന്നും അഭിപ്രായങ്ങള്‍ പറയുന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് സമുദായത്തിന്റെ ഒരുമയേയും കൂട്ടായ്മയേയും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നും യുകെകെസിഎ സെക്രട്ടറി മാത്യുകുട്ടി ആനകുത്തിക്കല്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് യൂണിറ്റ് സെക്രട്ടറി അനു ജോസഫ് ആസംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അലന്‍ സൈമണ്‍, അനുഷ അലക്സ്, സോനു സിജു എന്നിവര്‍ക്കുള്ള അച്ചീവ്മെന്റ് അവാര്‍ഡ് യുകെകെസിഎ സെക്രട്ടറി വിതരണം ചെയ്തു. പിന്നീട് ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് നടത്തപ്പെട്ടു. യോഗത്തില്‍ യുകെകെസിഎ സെക്രട്ടറി മാത്യു കുട്ടി ആനകുത്തിക്കല്‍ വിശിഷ്ടാതിഥിയായിരുന്നു.യൂണിറ്റിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടെയും കണ്ണിനും കാതിനും കുളിര്‍മയേകി. ക്നാനായ സമുദായത്തിന്റെ മാത്രം തനത് കലാരൂപമായ മാര്‍ഗ്ഗം കളി യൂണിറ്റിലെ യുവതികള്‍ അവതരിപ്പിച്ചത് കാണികളെ വിസ്മയഭരിതരാക്കി. കൂടാതെ കപ്പിള്‍ ഡാന്‍സും കുട്ടികളുടെ ഒപ്പനകളും സദസിന്റെ കൈയ്യടി നേടി.യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി ജിനീസ് ജോണി ഏവര്‍ക്കും നന്ദി പറഞ്ഞു.
Comments