ബിഷപ്പ് ജോര്‍ജ് പള്ളിപറമ്പിലിന് ഓസ്ട്രിയന്‍ ക്നാനായക്കാരുടെ സ്വീകരണം

posted Oct 23, 2012, 9:14 PM by Unknown user
വിയന്ന: അരുണാചല്‍ പ്രദേശിലെ  മ്യാവു രൂപതയുടെ ബിഷപ്പ് മാര്‍ ജോര്‍ജ് പള്ളിപറമ്പില്‍ എസ് ഡി ബിയ്ക്ക് ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി (എ കെ സി സി) ഉജ്ജല സ്വീകരണം നല്‍കി. ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി യുറോപ്പ് സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ബിഷപ്പ് ഓസ്ട്രിയയില്‍ എത്തിയത്. കോട്ടയം അതിരൂപതയുടെ നൂറാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷവും ബിഷപ്പ് പള്ളിപറമ്പില്‍ ഓസ്ട്രിയയിലെത്തിയിരുന്നു. 

എ കെ സി സിയുടെ ക്ഷണം സ്വീകരിച്ച് വിയന്നയിലെത്തിയ ബിഷപ്പിനെ അംഗങ്ങള്‍ ഹാര്‍ദ്ദമായ സ്വീകരണം ഒരുക്കിയിരുന്നു. ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ വികാരി ഫാ. തോമസ്‌ താണ്ടപ്പിള്ളിയും ബിഷപ്പും സംയുക്തമായി മിഷന്‍ ഞായറാഴ്ചയിലെ ദിവ്യബലി അര്‍പ്പിച്ചു. സ്റ്റ്ട്‌ലൌ പള്ളി ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ എ കെ സി സി പ്രസിഡന്റ്‌ ജിമ്മി കോയിതറ സ്വാഗതം ആശംസിച്ചു. 

മ്യാവു രൂപതയെക്കുറിച്ചും രൂപതാധ്യക്ഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും നോര്‍ത്ത് ഈസ്റ്റിലെ സാഹചര്യങ്ങളെപ്പറ്റിയും ബിഷപ്പ് പള്ളിപറമ്പില്‍ സംസാരിച്ചു. മ്യാവു മിഷനെപ്പറ്റിയും സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും എ കെ സി സിയുടെ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്  ബിഷപ്പ് മറുപടി നല്‍കി. 

ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെക്രട്ടറി ജെസിന്‍ തോമസ്‌ മണ്ണാറുമറ്റത്തില്‍ നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു.                                                                                                                                                                 ജെസിന്‍ തോമസ്‌ 


Comments