Knanaya News‎ > ‎India‎ > ‎

മാര്‍ ക്ളിമ്മീസ് കര്‍ദിനാള്‍

posted Oct 24, 2012, 6:42 PM by Unknown user
മാര്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാബാവാ കത്തോലിക്കാ സഭയുടെ ‘രാജകുമാരന്മാരുടെ” നിരയിലേക്ക്. മലങ്കര കത്തോലിക്കാ സഭാധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ക്ളിമ്മീസ് ബാവായെ  ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ കര്‍ദിനാളും ഇൌ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയുമാണ് അന്‍പത്തിമൂന്നുകാരനായ മാര്‍ ക്ളിമ്മീസ്. 

ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം മൂന്നരയ്ക്ക് വത്തിക്കാനിലും മലങ്കര കത്തോലിക്കാ സഭയുടെ ആസ്ഥാന ദേവാലയമായ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും ഒരേസമയമായിരുന്നു പ്രഖ്യാപനം. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രതിവാര പൊതുദര്‍ശനത്തില്‍ വച്ചാണ് മാര്‍പ്പാപ്പ പുതിയ കര്‍ദിനാള്‍മാരുടെ നിയമനവിവരം പ്രഖ്യാപിച്ചത്.

ഇൌയിടെ കേരളം സന്ദര്‍ശിച്ച ലബനനിലെ മാറോണീത്ത പാത്രിയര്‍ക്കീസ് ബുത്രോസ് റായ് (72), ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച് ബിഷപ് ലൂയിസ് അന്റോണിയോ ടാഗ്ലേ (55), കൊളംബിയ ആര്‍ച്ച് ബിഷപ് റൂബന്‍ സലാസര്‍ ഗോമസ് (70), നൈജീരിയില്‍നിന്നുള്ള ജോണ്‍ ഓനിയക്കന്‍ (68), വത്തിക്കാന്‍ കൂരിയയിലെ ആര്‍ച്ച് ബിഷപ് ജയിംസ് മൈക്കിള്‍ ഹാര്‍വേ (63) എന്നിവരാണ് മാര്‍ ക്ളിമ്മിസ് ബാവയ്ക്കൊപ്പം കര്‍ദിനാള്‍മാരായി സ്ഥാനമേല്‍ക്കുന്നത്. നവസുവിശേഷവല്‍ക്കരണത്തിനു വേണ്ടിയുള്ള മെത്രാന്മാരുടെ ആഗോള സിനഡില്‍ പങ്കെടുക്കാന്‍  വത്തിക്കാനിലുള്ള മാര്‍ ക്ളിമ്മീസ് ബാവായുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 

റോമിലെത്തിയ തീര്‍ഥാടകരായ ഇന്ത്യക്കാരും വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വൈദികരും സന്യസ്തരുമടങ്ങുന്ന സംഘം ഇന്ത്യന്‍ ദേശീയപതാക വീശിയാണ് കര്‍ദിനാള്‍ പ്രഖ്യാപനം സ്വീകരിച്ചത്. സഭയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കര്‍ദിനാള്‍ പദവിയില്‍ അഭിഷിക്തനാവുന്നതോടെ മാര്‍ ബസേലിയോസ് ക്ളിമ്മീസിന് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന ചുമതലകളിലെ പങ്കാളിത്തമാണു ലഭിക്കുക. 

ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഇത് അഞ്ചാം തവണയാണു കര്‍ദിനാള്‍ സംഘം വിപുലീകരിക്കുന്നത്. ഈ വര്‍ഷം ആദ്യം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയിരുന്നു. പുതിയതായി സ്ഥാനമേല്‍ക്കുന്ന ആറു കര്‍ദിനാള്‍മാരും യൂറോപ്പിനു പുറത്തുനിന്നുള്ളവരാണെന്ന പ്രത്യേകതയുണ്ട്. 

തിരുവനന്തപുരത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് ആഹ്ളാദവാര്‍ത്ത വിശ്വാസിസമൂഹത്തെ അറിയിച്ചപ്പോള്‍ കരഘോഷവും പള്ളിമണികളും മുഴങ്ങി. 48-ാം വയസ്സില്‍ മലങ്കര കത്തോലിക്കാ സഭയുടെ മേലധ്യക്ഷപദവിയിലെത്തിയ മാര്‍ ക്ളിമ്മീസ് ആഗോളസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍മാരിലും ഒരാളാവും. ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം (സിബിസിഐ) വൈസ് പ്രസിഡന്റ് കൂടിയായ ബാവ  31ന് ഇന്ത്യയില്‍ തിരിച്ചെത്തും.

സ്ഥാനാരോഹണം നവംബര്‍ 24ന്
മാര്‍ ക്ളിമ്മീസ് ബാവായുടെ കര്‍ദിനാള്‍ സ്ഥാനാരോഹണം നവംബര്‍ 24ന് വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

Comments